ആരാണ് മാണിക്യമലർ? രാഹുലോ പ്രിയയോ?; ട്രെൻഡിങ്ങായി ‘കണ്ണിറുക്കൽ’

രാഹുൽ ഗാന്ധി, പ്രിയ വാര്യർ

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ  പ്രസംഗമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ ട്രെൻഡ്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിനു തൊട്ടുപിന്നാലെ, പ്രധാനമന്ത്രിയുടെ അടുത്തെത്തി രാഹുൽ ആശ്ലേഷിച്ചതാണു സമൂഹമാധ്യമങ്ങൾക്കു പ്രിയവിശേഷമായത് . ആലിംഗനത്തിനു ശേഷം തന്റെ സീറ്റിൽ പോയിരുന്ന രാഹുൽ സഹപ്രവർത്തകരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാർ സമൂഹമാധ്യമത്തിൽ സദ്യയാക്കി.

സമൂഹമാധ്യമത്തിലൂടെ സെൻസേഷനായി മാറിയ ‘ഒരു അഡാറ് ലവ്’ സിനിമയിലെ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കലിനോടാണു രാഹുലിനെ താരതമ്യപ്പെടുത്തുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കൽ എന്നു ചോദിച്ച് ഇരുവരുടെയും ചിത്രങ്ങളുമിട്ടാണ് ട്വിറ്ററിൽ ഉൾപ്പെടെ ആളുകൾ പോസ്റ്റിടുന്നത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുൻപേ താരമായി മാറിയയാളാണു പ്രിയ. ചൂടുപിടിച്ച ചർച്ചയ്ക്കിടയിൽ രാഹുലിന്റെ അപ്രതീക്ഷിത ഇടപെടലിനു തേജസ്വി യാദവ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ട്വിറ്ററിൽ കയ്യടിച്ച് പിന്തുണച്ചിട്ടുണ്ട്.