‘സുഷമാജിയുടെ നിലപാട് ആശ്ചര്യം ജനിപ്പിച്ചു’; ദോക് ലാ വിഷയത്തിൽ രാഹുൽ ഗാന്ധി

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ ദോക്‌ ലാ വിഷയത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിലപാടിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന അതിർത്തിയോടു ചേർന്നുള്ള ദോക്‌ ലായിൽ സംഘർഷ സാഹചര്യമില്ലെന്നും പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിച്ചുവെന്നും ചൊവ്വാഴ്ച സുഷമ സ്വരാജ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാഹുലിന്റെ വിമർശനം.

ചൈനീസ് അധികാരത്തിനു മുൻപിൽ സുഷമ സ്വരാജിനെ പോലൊരു സ്ത്രീ അടിയറവ് പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മന്ത്രിയുടെ നിലപാട് അതിർത്തിയിലെ സൈനികരോടുള്ള വിശ്വസവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ദോക് ലാ മേഖലയിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചുവെന്നും എന്നാൽ ഭൂട്ടാനും ഇന്ത്യയും ഇതിനെതിരെ കണ്ണടയ്ക്കുകയാണെന്നുമുള്ള യുഎസ് സെനറ്റംഗം ആൻ വാഗ്‌നറുടെ പ്രസ്താവന സംബന്ധിച്ച പത്രവാർത്തയും കുറിപ്പിനോടൊപ്പം രാഹുൽ പങ്കുവച്ചു. കഴിഞ്ഞ ആഴ്ച, ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനിക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് ചർച്ചയ്ക്കിടെയാണ് ദോക് ലാ വിഷയവും ഉയർന്നു വന്നത്. എന്നാൽ യുഎസ് പ്രസ്താവന കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഒാഗസ്റ്റിൽ ദോക് ലായിൽ 73 ദിവസത്തോളം സംഘർഷം നിലനിന്നിരുന്നു. അതിർത്തിയോടു ചേർന്നു ചൈനയുടെ റോഡു നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്നു നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും ദോക് ലായിലെ നിർമാണ പ്രവൃത്തികൾ നിർത്താൻ തീരുമാനിച്ചത്.