ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; സിപിഐയ്ക്കും പുതിയ പദവി?

ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ വീണ്ടും മന്ത്രിയാകാൻ ഒരുങ്ങുന്ന ഇ.പി.ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിനു നടത്താന്‍ സിപിഎമ്മില്‍ ധാരണ. വ്യവസായവകുപ്പു തന്നെ അദ്ദേഹത്തിനു ലഭിക്കും. അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകളും ജയരാജൻ നിർവഹിക്കുമെന്നാണ് അറിയുന്നത്. നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇപിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ചു വ്യക്തത വരുമെന്ന് സിപിഎം പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.

ഈ മാസം 19നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണു പെട്ടെന്നുള്ള നീക്കങ്ങള്‍. നാളെ സംസ്ഥാന സമിതിക്കും തിങ്കളാഴ്ച ഇടതുമുന്നണിക്കും ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ കര്‍ക്കിടകം അവസാനിച്ചിട്ടുമതി എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ മാസം പതിനേഴിനോ പതിനെട്ടിനോ സത്യപ്രതിജ്ഞയെന്ന ധാരണയിലെത്തിയത്. ചിങ്ങം ഒന്ന് കണക്കാക്കി ഒരുക്കങ്ങള്‍ നടത്താന്‍ സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ജയരാജൻ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും. സ്വാഭാവികമായി അവകാശവാദം ഉന്നയിക്കുന്ന സിപിഐക്ക് കാബിനറ്റ് പദവി നല്‍കാമെന്ന് ഇരുനേതൃത്വങ്ങളും ധാരണയായിട്ടുണ്ടെന്നാണു സൂചന. വ്യവസായം ഇപിക്ക് നല്‍കിയാല്‍ മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും ചെറിയ തോതിലുള്ള അഴിച്ചുപണിയുണ്ടാകും. തിങ്കളാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാനുള്ള ശ്രമം ധാര്‍മികമായി ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതിക്കേസുകള്‍ മുഴുവന്‍ വിജിലന്‍സ് ഇപ്പോള്‍ എഴുതി തള്ളുകയാണ്. വിജിലന്‍സ് എന്ന സംവിധാനത്തെപ്പോലും ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും ചെന്നിത്തല പറഞ്ഞു.