ഡൽഹിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഇലക്ട്രീഷൻ അറസ്റ്റിൽ

ന്യൂഡൽഹി∙ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ആറു വയസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷനെ പൊലീസ് അറസ്റ്റു ചെയ്തു. നഗരമധ്യത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളിൽ ഇന്നലെ വൈകിട്ടാണു സംഭവം. ക്ലാസ് അവസാനിച്ചതിനെ തുടർന്നു വീട്ടിലേക്കു പോകാനിറങ്ങിയ കുട്ടിയെ വായ മൂടി സ്കൂൾ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

തുടർന്നു വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട മാതാപിതാക്കൾ, ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ ജീവനക്കാരെയെല്ലാം അണിനിരത്തി നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.