മോമോയ്ക്ക് സന്ദേശമയച്ചാൽ കാത്തിരിക്കുന്നത് മരണം: വാട്സാപ്പിൽ വ്യാജവിളയാട്ടം

ചിത്രീകരണം: ടി.വി.ശ്രീകാന്ത്

ഒരു വാട്സാപ് നമ്പറിലേക്കു സന്ദേശമയച്ചാൽ മറുപടിയായി ലഭിക്കുന്നത് മരണം– ഇത്തരത്തിലാണ് ലോകത്തെ ഞെട്ടിച്ച പുതിയ വൈറൽ ഡെത്ത് ഗെയിം ‘മോമോ’യെപ്പറ്റിയുള്ള പ്രചാരണം. എന്നാൽ ചില അഭ്യൂഹങ്ങളുടെ ബലത്തിൽ ഒട്ടേറെ വ്യാജന്മാരാണ് ‘മോമോ’യുടെ രൂപംകെട്ടി രംഗത്തു വന്നിരിക്കുന്നത്. മോമോയുടെ പേരിൽ സൈബർതട്ടിപ്പിനുള്ള കളമൊരുക്കുകയാണു പലരും ചെയ്യുന്നതെന്നു വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. പ്ലേസ്റ്റോറിൽ മോമോ ഗെയിം എന്ന പേരിൽ ഒട്ടേറെ ആപ്പുകൾ ലഭ്യമാണ്– മോമോ സ്ക്രീമർ, മോമോ ബട്ടൻ, സ്കാരി മോമോ തുടങ്ങിയ പേരുകളിലാണ് ആപ്പുകൾ പരക്കുന്നത്. സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിനു വ്യാജ നമ്പറുകളിൽനിന്ന് മോമോ എന്ന പേരിൽ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു കേരള പൊലീസും വ്യക്തമാക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെന്നാണു മുന്നറിയിപ്പ്. സത്യത്തിൽ എന്താണ് മോമോ?

Read in English >

തുടക്കം

മോമോയുടേതെന്നു വിശ്വസിപ്പിച്ച ഫെയ്സ്ബുക് ഗ്രൂപ്പിലെ അംഗങ്ങളോട് അജ്ഞാത നമ്പറിലേക്ക് വാട്സാപ് സന്ദേശം അയയ്ക്കാനാകുമോ എന്ന് വെല്ലുവിളി.

എന്താണീ ഗെയിം?

വാട്സാപ്പിലൂടെ മോമോ അയയ്ക്കുന്നത് അപകടകരങ്ങളായ ചാലഞ്ചുകൾ. ക്രൂരകൃത്യങ്ങൾക്കു പ്രേരിപ്പിക്കും. ആത്മഹത്യയിലൂടെ മൊമോയെ കാണാനാകുമെന്ന് വാഗ്ദാനം.  മോമോ നമ്പറിൽ നിന്ന് കോൾ വന്നാൽ കേൾക്കുക വേദന സഹിക്കാനാകാതെ, നിർത്താതെ ആരോ കരയുന്ന ശബ്ദം.

രക്ഷപ്പെടാൻ’ ശ്രമിച്ചാൽ?

ഗെയിം നിയമങ്ങൾ തെറ്റിച്ചാൽ വരിക പേടിപ്പിക്കുന്ന ചിത്രങ്ങളും വിഡിയോകളും. കംപ്യൂട്ടറോ ഫോണോ ഹാക്ക് ചെയ്യുമെന്നും പഴ്സനൽ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണി.

ആദ്യം എവിടെ?

അർജന്റീനയിലെ എസ്കോബറിൽ പന്ത്രണ്ടുകാരി തൂങ്ങിമരിക്കുന്ന ദൃശ്യം ഫോണിൽ പകർത്തി. സംഭവത്തിൽ ഫോൺ കണ്ടെടുത്ത പൊലീസ് മോമോ ഗെയിം ബന്ധം അന്വേഷിക്കുന്നു.

ഗെയിം പരക്കുന്നു!

മെക്സിക്കോ, അർജന്റീന, യുഎസ്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ മോമോ റിപ്പോർട്ട് ചെയ്തതായി ബിബിസി. ഇന്ത്യയിൽ പ്രശ്നങ്ങളൊന്നുമില്ല.

എവിടെ നിന്ന്?

ജപ്പാൻ, കൊളംബിയ, മെക്സിക്കോ എന്നിവിടങ്ങളിലാണ് മോമോയുടേതായി സംശയിക്കുന്ന മൊബൈൽ നമ്പറുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആരാണ് മോമോ?

പാതി പക്ഷിയുടെയും പാതി സ്ത്രീയുടെയും ശരീരം, വലിയ കണ്ണുകൾ, കുട്ടികളിൽ കൗതുകവും ഭയവുമുണർത്തുന്ന മുഖം. ജാപ്പനീസ് ശിൽപി മിഡോറി ഹയാഷിയുടെ ‘മദർ ബേഡ് ബൈ ലിങ്ക് ഫാക്ടറി’ എന്ന ശിൽപമാണിത്.

സിനിമയാണോ?

‘സ്ലെൻഡർ മാൻ’ എന്ന ഫിക്‌ഷനൽ ഭീകരരൂപത്തെ കാണാൻ ശ്രമിക്കുന്ന പെൺകുട്ടികളുടെ കഥ പറയുന്ന സിനിമയുമായും ബ്ലൂ വെയ്ൽ എന്ന ‘ഡെത്ത് ഗെയിമു’മായും മോമോയെ പലരും ബന്ധപ്പെടുത്തുന്നുണ്ട്. 

തട്ടിപ്പാണിത്!

∙ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനുള്ള തന്ത്രമാണ് മോമോ ഗെയിം എന്ന് സൈബർ വിദഗ്ധർ.

∙ ഓൺലൈൻ പണം തട്ടിപ്പുകാരും ഉണ്ടാകും ഇതിനു പിന്നിൽ.

∙ ഫോട്ടോകളും വിഡിയോകളും ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങിനുള്ള ശ്രമം.

∙ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാനുള്ള തന്ത്രം.

∙ വ്യാജ നമ്പരുകളിൽ നിന്നും മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി കേരള പൊലീസ്. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടിയെന്നും മുന്നറിയിപ്പ്.

വ്യാജന്മാരെ എങ്ങനെ പ്രതിരോധിക്കാം?

∙ പ്ലേസ്റ്റോറിൽ ഉൾപ്പെടെ മോമോ എന്ന പേരിൽ എത്തിയിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്

∙ കുട്ടികളുടെ ഇന്റർനെറ്റ് പ്രവൃത്തികളും ഫോണും മാതാപിതാക്കൾ നിരീക്ഷിക്കുക. ഫോട്ടോകളും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റിൽ പങ്കുവയ്ക്കരുതെന്നു നിർദേശിക്കുക.

∙ വിഷാദം, ആശങ്ക, ഉറക്കമില്ലായ്മ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളോട് സംസാരിക്കാൻ സമയം കണ്ടെത്തുക, പരിഹരിക്കുക.

∙ വാട്സാപ്പിലെ അജ്ഞാത സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക.

∙ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിലോ, കേരള പൊലീസ് സൈബർഡോമിനെയോ അറിയിക്കണമെന്ന കേരള പൊലീസ് അറിയിപ്പും ഉപയോഗപ്പെടുത്താം.