രാജ്യം വിടും മുൻപ് വിജയ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നു: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

ലണ്ടൻ∙ വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുൻപ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ നേതാക്കന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ രാഹുൽ തയാറായില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും രാഹുൽ പറഞ്ഞു. ലണ്ടനിൽ‌ ഇന്ത്യൻ മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നീരവ് മോദിക്കും മെഹുൽ ചോക്സിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക ബന്ധമാണുള്ളത്. അവർക്കെതിരെ യാതൊരു നടപടിയെടുക്കാത്തത് അതിനാലാണെന്നും രാഹുൽ പറഞ്ഞു. മല്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ജയിലുകളിലെ അവസ്ഥ വളരെ മാന്യമാണ്. നീതി എല്ലാ ഇന്ത്യക്കാർക്കും തുല്യമാകണമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ ജയിലുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി മല്യ വിദേശത്ത് കഴിയുന്നതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.