Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളക്കടലാസിൽ മുത്തലാഖ്: കേസെടുക്കുമെന്നു വനിതാ കമ്മിഷന്‍; സ്ത്രീകള്‍ക്കനുകൂലമായി നിയമം വേണം

MC-Josephine

കണ്ണൂർ∙ മുത്തലാഖുമായി ബന്ധപ്പെട്ടു സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്നു രാജ്യത്തു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. കണ്ണൂരിലെ പയ്യന്നൂരിൽ 23 വയസുള്ള യുവതിയെ പെരുമ്പ സ്വദേശിയായ ഭർത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും ജോസഫൈൻ അറിയിച്ചു.

കുറേ വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വിവാദ വിഷയമാണു മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്തു വിവാഹമോചനം നൽകേണ്ടതു കോടതിയാണെന്നും മത സംവിധാനമോ മത മേലധ്യക്ഷൻമാരോ മതനേതാക്കൻമാരോ അല്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കൻമാരുടെ സാന്നിധ്യത്തിൽ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇതു മാറണം. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും ജോസഫൈൻ വ്യക്തമാക്കി.

വെള്ളക്കടലാസിൽ എഴുതി നൽകിയാണ് അഞ്ചു വർഷത്തെ വിവാഹബന്ധമുളള യുവതിയെ മൊഴി ചൊല്ലിയതെന്നു മാധ്യമ വാർത്തകളിലുണ്ട്. വിവാഹത്തിൽ നാലു വയസുള്ള മകനുണ്ട്. കഴിഞ്ഞമാസം മുത്തലാഖ് നൽകി ഒൻപതു ദിവസങ്ങൾക്കുശേഷം പെരുമ്പ സ്വദേശിയായ ഭർത്താവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായും വാർത്തകളിലുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണു വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത് – ജോസഫൈൻ കൂട്ടിച്ചേർത്തു.