'കാപട്യം തുറന്നു കാണിക്കാന്‍ 15 ചോദ്യങ്ങൾ': റഫാലിൽ കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധി, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടില്‍ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ 15 ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. 'റഫാലിൽ കോൺഗ്രസിന്റെ കാപട്യം തുറന്നു കാണിക്കാനുള്ള 15 ചോദ്യങ്ങൾ' എന്ന പേരിലുള്ള ബ്ലോഗ് കുറിപ്പിലാണു കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരായ ചോദ്യങ്ങൾ ജയ്റ്റ്ലി ഉന്നയിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷയെ വിട്ടുവീഴ്ച ചെയ്ത് ഒരു ദശാബ്ദത്തോളം കോൺഗ്രസ് പാർട്ടി കരാറിനെ തടസ്സപ്പെടുത്തിയെന്നും ജയ്റ്റ്ലി ആരോപിച്ചു. റഫാൽ ഇടപാടിലെ വിലയും നടപടികളും സംബന്ധിച്ചു കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങളെല്ലാം പൂർണമായും തെറ്റാണെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. 2012 ജൂൺ 27നു കരാർ വീണ്ടും പരിശോധിക്കാൻ യുപിഎ സർക്കാർ തീരുമാനിച്ചിരുന്നു. എന്നുവച്ചാൽ 11 വർഷമായി നടത്തിയ പ്രവർത്തനങ്ങളെല്ലാം പാഴായി. തീർത്തും മന്ദഗതിയിലായിരുന്നു യുപിഎ സർക്കാരിന്റെ നീക്കങ്ങൾ– ജയ്റ്റ്ലി ആരോപിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിനെക്കുറിച്ച് അസത്യ പ്രചരണങ്ങളാണു കോൺഗ്രസ് പാർട്ടി നടത്തുന്നത്. കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളും ബ്ലോഗിൽ ജയ്റ്റ്‍ലി അക്കമിട്ടു നിരത്തുന്നുണ്ട്. തനിക്കെതിരായ ആരോപണങ്ങളിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ടു റിലയൻസ് മേധാവി അനിൽ അംബാനി നേരത്തേ കോൺഗ്രസ് നേതാക്കൾക്കു വക്കീൽ നോട്ടിസ് അയച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ യുദ്ധവിമാന ഇടപാടിൽ പങ്കാളിയായ റിലയൻസ് ഡിഫൻസ് കമ്പനിക്കു കരാറിലൂടെ കോടികൾ ലഭിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.