രാഹുലിന്റെ അമേഠിയിൽ ‘ഡിജിറ്റൽ ഗ്രാമം’; സ്മൃതിക്ക് നന്ദി പറഞ്ഞ് നാട്ടുകാർ

സ്മൃതി ഇറാനി, രാഹുൽ ഗാന്ധി

അമേഠി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ ഒരു ഗ്രാമം പൂർണമായി ഡിജിറ്റലാകുന്നു. ഇക്കാര്യത്തിൽ പക്ഷേ അന്നാട്ടുകാർ നന്ദി പറയുന്നത് രാഹുലിനോടല്ല, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ്! അമേഠി മണ്ഡലത്തിലെ പിൻഡാറ താക്കൂർ ഗ്രാമത്തെ ഡിജിറ്റൽ ഗ്രാമമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലിനോടു തോറ്റിട്ടും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി സ്മൃതി ഇറാനി അമേഠിയിൽ സാന്നിധ്യമുറപ്പിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് ‘ഡിജിറ്റൽ ഗ്രാമം’ പദ്ധതി.

കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടത്. ഇത്തവണയും സ്മൃതി അമേഠിയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള കളമൊരുക്കുന്നതിന്റെ ഭാഗമാണ് ഡിജിറ്റൽ ഗ്രാമം പദ്ധതി. ഒറ്റ ക്ലിക്കിൽ 200ൽ അധികം സർക്കാർ സേവനങ്ങൾ ലഭ്യമാകുമെന്നതാണു സവിശേഷത. സൗജന്യ വൈഫൈയിലൂടെ 15 ദിവസത്തേക്ക് രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിനുമുന്നോടിയായി ഒരുക്കിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ തുകയ്ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചു. 

കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ നിരന്തരം സന്ദർശിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനും സ്മൃതി ഇറാനി ശ്രദ്ധിക്കുന്നുണ്ട്. പോസ്റ്റ് ഓഫിസുകളിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്ന ‘ഡിജിറ്റൽ ഇന്ത്യ ബാങ്കിങ് സർവീസ്’ പദ്ധതിയും അമേഠിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.