Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഡോളർ കൊടുത്ത് പെട്രോൾ വാങ്ങേണ്ടി വരും; കേന്ദ്രത്തെ വിമർശിച്ച് ചന്ദ്രബാബു നായിഡു

Chandrababu Naidu

ഹൈദരാബാദ്∙ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. ഇനിമുതൽ ഡോളർ കൊടുത്ത് പെട്രോൾ വാങ്ങേണ്ട അവസ്ഥയാണ് ഉണ്ടാകുകയെന്ന് ചന്ദ്രബാബു നായിഡു പരിഹസിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുകയാണ്. ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ 100 രൂപ കൊടുക്കേണ്ട അവസ്ഥ ഉടൻ വരും. ഓരോ ദിവസവും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിയിരിക്കുകയാണ്. ഡോളറുമായി രൂപയുടെ മൂല്യം 100ൽ എത്തിയാലും അദ്ഭുതമില്ല – ചന്ദ്രബാബു പറഞ്ഞു.

നോട്ടുനിരോധനത്തിനു ശേഷമുള്ള രണ്ടുവർഷം കൊണ്ടു രാജ്യത്തിന്റെ സാമ്പത്തികരംഗം ആകെ തവിടുപൊടിയായെന്നും സാമ്പത്തിക അച്ചടക്കം ഇല്ലാതായെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. നോട്ടുനിരോധനത്തിലൂടെ കേന്ദ്രസർക്കാർ എന്താണ് നേടിയത്? കള്ളപ്പണം പിടിക്കാൻ എന്നു പറഞ്ഞുള്ള ഈ നാടകം എന്തിനുവേണ്ടിയായിരുന്നുവെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു.

നോട്ടുനിരോധനത്തിനു രണ്ടുവർഷം തികയാനിരിക്കെ നിരോധിച്ച മുഴുവൻ നോട്ടുകളും തിരിച്ചെത്തിയെന്ന ആർബിഐ വാർത്തയുടെയും രൂപയുടെ മൂല്യത്തകർച്ചയുടെയും സാഹചര്യത്തിലാണു ചന്ദ്രബാബു നായിഡുവിന്റെ വിമർശനം. നേരത്തെ, ആന്ധ്രാപ്രദേശിനു പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ടിഡിപി എൻഡിഎ വിട്ടിരുന്നു. കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയവും ടിഡിപി കൊണ്ടുവന്നിരുന്നു.

related stories