ഹനാനു വേണ്ടത് ആഴ്ചകൾ നീണ്ട വിശ്രമം; ചികിൽസ ഏറ്റെടുത്ത് സർക്കാർ

കൊച്ചി∙ കോളജ് യൂണിഫോമിൽ മൽസ്യവിൽപന നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ കോളജ് വിദ്യാർഥിനി ഹനാനു ജീവിതത്തിലേക്ക് എഴുന്നേറ്റു നടക്കാൻ ഇനിയും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതർ. കാറപകടത്തെത്തുടർന്നു ഹനാന്റെ നട്ടെല്ലിനു സാരമായി പരുക്കേറ്റിരുന്നു. നട്ടെല്ലിന്റെ 12-ാമത്തെ എല്ലിന് ഇടിയുടെ ആഘാതത്തിൽ പൊട്ടലുണ്ടായി. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ എല്ലിന്റെ പൊട്ടൽ ശരിയാക്കിയിട്ടുണ്ട്.

എന്നാൽ കൃത്യമായ ചികിത്സയിലൂടെയും ഫിസിയോതെറാപ്പികളിലൂടെയും മാത്രമേ ഹനാനു പഴയപോലെയാകാൻ സാധിക്കൂ. സ്വന്തം അവസ്ഥയെക്കുറിച്ചു ഹനാന് ഇപ്പോഴും അറിയില്ല. അനസ്തീസിയയുടെ ശക്തികൊണ്ടാണു കൈകാലുകൾ ചലിപ്പിക്കാൻ സാധിക്കാത്തതെന്നാണു ഹനാന്റെ വിചാരം.

ഇന്നലെ കൊടുങ്ങലൂർ ഭാഗത്തുവച്ചുണ്ടായ കാറപകടത്തിലാണു ഹനാനു പരുക്കേറ്റത്. ഹനാന്‍ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു പോസ്റ്റിലിടിക്കുകയായിരുന്നു. സർക്കാർ ഹനാന്റെ ചികിത്സ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ, ആശുപത്രിയിൽനിന്നു വിട്ടുകഴിഞ്ഞാൽ കൂടെ നിൽക്കാനോ ശുശ്രൂഷിക്കാനോ ആരും തന്നെ ഹനാനില്ല എന്നുള്ളതു ദയനീയാവസ്ഥയാണ്.

ഹനാൻ പഠിക്കുന്ന തൊടുപുഴയിലെ അൽ-അസർ കോളജ് അധികൃതർ ഫിസിയോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകൾ ഏറ്റെടുത്തു നടത്താൻ തയാറാണ്. അപ്പോഴും എല്ലാവരെയും അലട്ടുന്ന പ്രശ്നം ഈ അവസ്ഥയിൽ ഹനാനെ നോക്കാൻ ആരുമില്ലെന്നുള്ളതാണ്. കൊച്ചി മാടവനയിലെ ഒറ്റമുറി വീട്ടിൽ തനിച്ചാണു ഹനാന്റെ താമസം.

ഹനാന്റെ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. ഇതേതുടർന്നാണു ചികിത്സ സർക്കാർ ഏറ്റെടുത്തത്. അൽ-അസർ ഗ്രൂപ്പിന്റെ ചെയർമാൻ ഒരു ലക്ഷം ഇതിനോടകം അടിയന്തര ശസ്ത്രക്രിയയ്ക്കായി നൽകിക്കഴിഞ്ഞു. രണ്ടരലക്ഷം രൂപയോളമായി ഹനാന്റെ ശസ്ത്രക്രിയ ചെലവ്.