ഗൗരി ലങ്കേഷ് വധത്തിന് ഇന്ന് ഒരു വർഷം; പ്രതി വാഗ്മറെ പൂട്ടി ‘ഗെയ്റ്റ്’

ഗൗരി ലങ്കേഷ്, പരുശുറാം വാഗ്മർ

ബെംഗളൂരു ∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുമ്പോൾ നിർണായക തെളിവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഗുജറാത്ത് ഫൊറൻസിക് സയൻസ് ഡയറക്ടറേറ്റ് തയാറാക്കിയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ഗൗരിക്കു നേരെ വെടിയുതിർത്തത് ശ്രീരാമ സേന പ്രവർത്തകൻ പരുശുറാം വാഗ്മറാണെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് തെളിവാണ് ലഭിച്ചിരിക്കുന്നത്.

2017 സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിൽ ഗൗരി വെടിയേറ്റു മരിച്ച സ്ഥലത്തു നിന്നു ലഭിച്ച ആറു സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യവും എസ്ഐടി പുനഃസൃഷ്ടിച്ച കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുമാണ് ഗെയ്റ്റ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഗൗരിക്കു നേരെ വെടിയുതിർത്തത് താനാണെന്ന് അറസ്റ്റിലായപ്പോൾ പരശുറാം വാഗ്മർ മൊഴി നൽകിയിരുന്നു.

അതേസമയം, ഗൗരി ലങ്കേഷ് വധത്തിന് ഒരു വർഷം പിന്നിടുമ്പോൾ ഗൗരിയുടെ സുഹൃത്തുക്കൾ പുതിയൊരു ടാബ്ലോയിഡ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. ‘ന്യായ പാത’ എന്ന പേരിൽ ആഴ്ചതോറും പുറത്തിറക്കാൻ പോകുന്ന ഈ ടാബ്ലോയിഡ് ഗൗരിയും പിതാവും പുറത്തിറക്കിയ ആഴ്ചപ്പതിപ്പിനെപ്പോലെ പരസ്യങ്ങൾ ഒഴിവാക്കും.

അന്വേഷണത്തെ മുന്നോട്ട് നയിച്ചത് സിസിടിവി ദൃശ്യം

ഗൗരിയെ കൊലപ്പെടുത്താനായി ബൈക്കിലെത്തിയ പരശുറാം വാഗ്മർക്കും ഗണേഷ് മിസ്കിനും പുറമെ മൂന്നു നിർമാണ തൊഴിലാളികളും ഒരു ജേണലിസം വിദ്യാർഥിയുമാണ് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നത്. ഈ നാലു സാക്ഷികളെ കൊലയാളികൾ തിരിഞ്ഞുനോക്കുന്നുണ്ട്. പരശുറാം വാഗ്മർ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നതാണ് ഇയാളെ തിരിച്ചറിയാൻ ഇടയാക്കിയത്. ഗൗരിയുടെ വീടിനു മുന്നിൽ പരശുറാം നേരത്തേയും എത്തിയിരുന്നതായി സമീപത്തെ ഒരു വ്യാപാരി സ്ഥിരീകരിച്ചിട്ടുണ്ട്.

ഗൗരി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പരശുറാം വാഗ്മറും, സുജിത് കുമാർ എന്ന പ്രവീണും സീഗെഹള്ളിയിലെ വാടക വീടൊഴി‍ഞ്ഞെന്ന സാഹചര്യ തെളിവും എസ്ഐടിയുടെ കൈവശമുണ്ട്. വീട് വാടകയ്ക്കെടുത്ത എച്ച്.എൽ. സുരേഷ് ഇരുവരേയും തിരിച്ചറിഞ്ഞിരുന്നു.  

രാജ്യം മുഴുവൻ പടർന്നുകിടക്കുന്ന അൻപതോളം തീവ്രഹിന്ദുത്വ പ്രവർത്തകരാണു ഗൗരിയെയും നരേന്ദ്ര ധാഭോൽക്കറെയും ഗോവിന്ദ് പൻസാരെയെയും എം.എം.കൽബുറഗിയെയും വധിച്ചതെന്നും എസ്ഐടിയും മുംബൈ എടിഎസും കണ്ടെത്തിയിട്ടുണ്ട്. ധാഭോൽക്കറിനെയും ഗൗരിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന നിഗമനത്തിലാണ് എസ്ഐടി. ‌ബാലിസ്റ്റിക് പരിശോധനയ്ക്ക് തോക്ക് വിധേയമാക്കിയിട്ടുണ്ട്.

ഗെയ്റ്റിൽ പിടിവീഴും

കുറ്റവാളികളുടെ വിഡിയോ ദൃശ്യങ്ങളും കാലടയാളങ്ങളും, പാദരക്ഷകളും,നടക്കുന്നതിന്റെ രീതിയുമൊക്കെ അവലോകനം ചെയ്ത് കുറ്റം തെളിയിക്കുന്ന ഫൊറൻസിക് പരിശോധനയാണ് ഗെയ്റ്റ്. 18 വർഷം മുൻപ് യുകെയിലാണ് ആദ്യമായി പരീക്ഷിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ മുഖഭാവം പതി‍ഞ്ഞില്ലെങ്കിൽ പോലും, ഒരാൾ നടക്കുന്നതോ ഓടുന്നതോ സൂക്ഷ്മമായി പരിശോധിച്ച് കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചറിയാനാകും. ഒരാളുടെ നടത്തയുടെ ശൈലി, ശരീര ചലനങ്ങളുടെ രീതി എന്നിവയാണ് ഗെയ്റ്റ് (gait).