ഇവിടെ വെറുപ്പ് ഇല്ല: മാനസരോവര്‍ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ

രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത മാനസരോവര്‍ തടാകത്തിന്റെ ചിത്രം.

ന്യൂഡൽഹി∙ തന്റെ കൈലാസ- മാനസരോവർ യാത്രയെ കുറിച്ച് ഉയരുന്ന വിവാദങ്ങൾക്ക് ട്വിറ്ററിലൂടെ മറുപടി നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ഇവിടെ വെറുപ്പ് ഇല്ല’ എന്ന അടിക്കുറിപ്പോടെ മാനസരോവര്‍ തടാകത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ആരോപണങ്ങൾക്ക് രാഹുൽ മറുപടി നൽകിയത്. ‘ആര്‍ക്കും ഈ ജലം കുടിക്കാം. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന, പ്രശാന്തതയോടെ ഒഴുകുന്ന തടാകമാണിത്’– മാനസരോവറിനെ കുറിച്ച് രാഹുൽ എഴുതി.

രാഹുല്‍ ഗാന്ധിയുടെ മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് പല വിവാദവും ഇതിനോടകം ഉയർന്നുകഴിഞ്ഞു. ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ബിജെപിയുടെ പ്രധാന വാദം. ഇതിനുശേഷം മാനസരോവര്‍ യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു.