പത്തു വർഷത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 400 കുട്ടികൾ; പത്തിലേറെപ്പേർ പിഞ്ചു കുഞ്ഞുങ്ങളും

Representational image

കോട്ടയം∙ സംസ്ഥാനത്തു 40 വയസിൽ താഴെയുള്ളവരിൽ 20 ശതമാനത്തോളം പേർ കുട്ടികളില്ലാതെ ബുദ്ധിമുട്ടുമ്പോൾ രക്തബന്ധത്തിലുള്ളവർ തന്നെ കുട്ടികളെ കൊന്നൊടുക്കുന്നതു തുടരുന്നു. പൊലീസിന്റെ കണക്കനുസരിച്ചു 400 കുട്ടികളാണു പത്തു വർഷങ്ങളിൽ കേരളത്തിൽ കൊല്ലപ്പെട്ടത്. ഇവയിൽ പത്തിലേറെപ്പേർ പിഞ്ചു കുഞ്ഞുങ്ങളും. ഏറ്റവും ഒടുവിൽ കോഴിക്കോട് ജില്ലയിലെ ബാലുശേരിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയതു മാതാവായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം മാതൃസഹോദരനാണു നവജാത ശിശുവിന്റെ ജീവനെടുത്തത്. ഈ വർഷം ജൂൺ വരെയുള്ള പൊലീസിന്റെ കണക്കിൽ എട്ടു കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

അവിഹിത ബന്ധങ്ങളിലൂടെയുണ്ടാകുന്ന കുട്ടികളെ ജനിക്കുമ്പോൾ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം വ്യാപകമാകുന്നതിനെ തുടർന്ന് ഈ വിഷയത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിലാണു സംസ്ഥാന ബാലാവകാശ കമ്മിഷൻ. മാതാപിതാക്കൾക്കു വേണ്ടാത്ത കുഞ്ഞുങ്ങളെ അംഗീകൃത കേന്ദ്രങ്ങളിലോ അമ്മത്തൊട്ടിലുകളിലോ ഏൽപ്പിക്കാമെന്നതിനെക്കുറിച്ചും അനധികൃതമായി കുട്ടികളെ കൈമാറ്റം ചെയ്യുന്നതിനെതിരെയും ബോധവൽക്കരണം നടത്തും.

കുട്ടികളുടെ കൊലപാതകം

2008 – 37
2009 – 44
2010 – 42
2011 – 47
2012 – 34
2013 – 40
2014 – 44
2015 – 43
2016 – 33
2017 – 26
2018 ഇതു വരെ 8

(അവലംബം: കേരള പൊലീസ് ക്രൈം സ്റ്റാറ്റസ്)