Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നായകളെ അകറ്റാൻ പുലി വിസർജ്യം': മിന്നലാക്രമണ തന്ത്രം വിവരിച്ച് മുൻ സൈനികൻ

surgical-strike സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ (ഫയൽ ചിത്രം)

പുണെ∙ പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ നായകളെ ഓടിക്കുന്നതിനു സൈനികർ പുള്ളിപ്പുലികളുടെ വിസര്‍ജ്യങ്ങൾ ഉപയോഗിച്ചതായി സൈനികോദ്യോഗസ്ഥൻ. മുൻ നഗ്രോട്ട കോപ്സ് കമാൻഡറായിരുന്ന ലഫ്റ്റനന്റ് ജനറല്‍ രാജേന്ദ്ര നിംബോർക്കറാണു പുണെയിൽ ഒരു ചടങ്ങിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.

നൗഷേര സെക്ടറിലെ ബ്രിഗേഡ് കമാൻഡറായിരുന്ന നിംബോർക്കർ ഈ പ്രദേശത്തെ ജൈവ വ്യവസ്ഥയെക്കുറിച്ചു സൂക്ഷമമായി പഠിച്ചിരുന്നു. നായകളെ പുള്ളിപ്പുലികൾ ആക്രമിക്കുന്നത് ഇവിടെ പതിവായിരുന്നു. ഇതിൽനിന്നു രക്ഷപ്പെടുന്നതിനായി രാത്രി സമയങ്ങളിൽ നായകൾ പ്രത്യേകം ശ്രദ്ധപുലർത്താറുണ്ടെന്നും നിംബോര്‍ക്കർ പറഞ്ഞു.

ആക്രമണത്തിനു തന്ത്രങ്ങൾ ആലോചിക്കുന്ന സമയത്തു തന്നെ വഴികളിലുള്ള നായകളുടെ കുര ഒഴിവാക്കാൻ എന്തു ചെയ്യുമെന്നു പരിശോധിച്ചിരുന്നു. ഇതു മറികടക്കുന്നതിനായി സൈനികർ പുള്ളിപ്പുലിയുടെ വിസര്‍ജ്യമാണു കരുതിവച്ചത്. ഇതു ഗ്രാമപ്രദേശങ്ങളില്‍ വിതറിയതോടെ നായകളിൽനിന്നുള്ള ഭീഷണി ഒഴിവായി. അതീവ രഹസ്യമായാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യം തയാറാക്കിയത്. പ്രതിരോധ മന്ത്രി മനോഹർ പരീക്കറിൽനിന്നു നിർദേശങ്ങൾ ലഭിച്ചശേഷം സൈനികരുമായി വിഷയം ചർച്ച ചെയ്തു. എന്നാൽ സ്ഥലം എവിടെയാണെന്നു മാത്രം കൃത്യമായി അവരോടു പറഞ്ഞില്ല – അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന് ഒരു ദിവസം മുൻപാണു സൈനികർ സ്ഥലത്തെക്കുറിച്ച് അറിഞ്ഞത്. ഭീകരരുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കിയശേഷം പുലർച്ചെ 3.30 ആക്രമണത്തിനു പറ്റിയ സമയമായി തിരഞ്ഞെടുക്കുകയായിരുന്നു. അതിനു മുൻപു സൈന്യം സുരക്ഷിതമായ സ്ഥാനത്തേക്കും എത്തി. ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളും കുഴിബോംബുകളും മറികടന്നായിരുന്നു സൈന്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.