ഉൾപാർട്ടി വിഷയങ്ങൾ പരസ്യമാക്കരുത്: തെലങ്കാനയിലെ നേതാക്കളോടു രാഹുൽ

രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങളോടു പങ്കിട്ടാൽ കർശന നടപടി നേരിടേണ്ടി വരുമെന്നു തെലങ്കാനയിലെ നേതാക്കൾക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ താക്കീത്. അച്ചടക്കരാഹിത്യം വച്ചുപൊറിപ്പിക്കില്ലെന്നും രാഹുൽ മുന്നറിയിപ്പു നൽകി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡി, സംസ്ഥാന ചുമതലയുള്ള എഐസിസി അംഗം ആർ.സി.ഖുൻടിയ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു തെലങ്കാനയിലെ 38 നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. 

അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ നേതാക്കള്‍ക്കു രാഹുൽ നിർദേശം നൽകിയതായി ഖുൻടിയ പറഞ്ഞു. ഏതെങ്കിലും നേതാവിനു പരാതിയുണ്ടെങ്കിൽ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ സമീപിച്ചു പരിഹരിക്കാം. തെലങ്കുദേശവും മറ്റു പാർട്ടികളുമായുള്ള സഖ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ടിആർഎസിനെ തോൽപ്പിക്കാൻ അത്തരമൊരു സഖ്യത്തിനു കോൺഗ്രസ് എതിരല്ലെന്നും എന്നാൽ വിജയ സാധ്യതയുള്ള സീറ്റുകൾ കൈവിടില്ലെന്നും പാർട്ടിയുടെ ശക്തി അംഗീകരിക്കുന്നതു കൂടിയാകണം സഖ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടിക്കുള്ളിലെ രൂക്ഷമായ പടലപ്പിണക്കമാണു തെലങ്കാനയിൽ കോൺഗ്രസിനെ വർഷങ്ങളായി പിന്നോട്ടുവലിക്കുന്ന പ്രധാന ഘടകം. ഗ്രൂപ്പിസം ചെറുക്കാൻ പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. സംഘടന തികച്ചും ദുർബലമായ തെലങ്കാനയിൽ ടിആർഎസിനോടു പിടിച്ചുനിൽക്കണമെങ്കിൽ‌ കോൺഗ്രസിൽ ഐക്യം അനിവാര്യമാണെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഈ മാസം ആദ്യം തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചതോടെയാണു രാഷ്ട്രീയ ബലാബലത്തിനു കളം ഒരുങ്ങിയത്. ടിആർഎസിനെ മുട്ടുകുത്തിക്കാൻ തെലങ്കുദേശം, കോൺഗ്രസ്, ഇടതുപക്ഷം തുടങ്ങിയ കക്ഷികൾ സഖ്യത്തിലാണ്.