ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചംഗ സംഘം പിടിയിൽ

നിരോധിത നോട്ടുകളുമായി പൊലീസ് പിടിയിലായവര്‍

മലപ്പുറം∙ ഒരു കോടി രൂപയുടെ നിരോധിത കറൻസിയുമായി അഞ്ചംഗ സംഘം പിടിയിൽ. ഇവരിൽനിന്നു രണ്ട് കാറുകളും പിടിച്ചെടുത്തു. നിലമ്പൂർ വടപുറം റോഡിൽ പാലപറമ്പിൽ ശനിയാഴ്ച രാത്രി 10.30നാണു സംഘത്തെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ശ്രീകാര്യം ചവടിക്കൽ സന്തോഷ് ഭവനിൽ സന്തോഷ് (43), ചെന്നൈ ഭജന കോവിൽ മുനീശ്വർ സ്‌ട്രീറ്റിലെ സോമനാഥൻ (നായർ സർ –71), കൊണ്ടോട്ടി കൊളത്തൂർ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയിൽ ജസീന മൻസിലിൽ ജലീൽ (36), മഞ്ചേരി പട്ടർകുളം എരിക്കുന്നൻ ഷൈജൽ (37) എന്നിവരെയാണു പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ, സിഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പഴയ നോട്ടുകൾ ബാങ്ക് മുഖേന മാറ്റിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് ഉയർന്ന തുക കമ്മിഷൻ തട്ടുകയാണു പ്രതികളുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. വിലപേശലിനിടയിൽ വിവരം ചോരുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന ബന്ധപ്പെടുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്ത ശേഷമാണു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്തതിൽ 500 രൂപയുടെ 88 എണ്ണം ഒഴികെ ബാക്കിയെല്ലാം 1000 രൂപയുടെ കറൻസികളാണ്.