അജയ് മാക്കൻ ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന് സൂചന; തള്ളി പാർട്ടി

അജയ് മാക്കൻ

ന്യൂഡൽഹി∙ മുതിർന്ന നേതാവ് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതായി സൂചന. എന്നാൽ റിപ്പോർട്ട് കോണ്‍ഗ്രസ് തള്ളി. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് മാക്കൻ താൽക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്നു മാറിനിൽക്കുന്നതാണെന്നു കോൺഗ്രസ് വക്താക്കൾ അറിയിച്ചു. അദ്ദേഹം രാജിവച്ചിട്ടില്ല. ചികിൽസയ്ക്കായി വിദേശത്തേക്കു പോകുന്നുവെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ‍ഡൽഹിയുടെ ചുമതലയുള്ള എഐസിസി അംഗം പി.സി.ചാക്കോ പറഞ്ഞു.

പാർട്ടി പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയം മാറ്റിവയ്ക്കാൻ സാധിക്കാത്തതിൽ അദ്ദേഹം ആശങ്ക അറിയിക്കാറുണ്ടായിരുന്നു. നിലവിൽ മാക്കനു കുഴപ്പമൊന്നുമില്ല. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡപിസിസി) നല്ല രീതിയിൽ മുന്നോട്ടുപോകുകയാണ്. പരിശോധനകൾക്കുശേഷം തിരിച്ചെത്തുമ്പോൾ ഭാവി കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യും. അദ്ദേഹം രാജി വച്ചിട്ടില്ല – ചാക്കോ വ്യക്തമാക്കി.

കോൺഗ്രസുമായി അജയ് മാക്കൻ അസ്വാരസ്യത്തിലാണെന്നും അതിനാൽ അധ്യക്ഷ സ്ഥാനം രാജിവച്ചുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഡൽഹിയിൽ 15 വർഷം നീണ്ട ഭരണം നഷ്ടമായപ്പോൾ മാക്കൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ വീണ്ടും തുടരാൻ പാർട്ടി ആവശ്യപ്പെട്ടു. മൂന്നു വർഷമായി ഡൽഹി അധ്യക്ഷനായിരുന്നു അജയ് മാക്കൻ. രണ്ടു തവണ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാക്കൻ യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.