ദമ്പതികളുടെ തലയിൽ പിടിച്ചമർത്തി മരണം ഉറപ്പാക്കി; കൃത്യം നടത്തിയത് മദ്യലഹരിയിൽ

കൊലപാതകം നടന്ന പരിസരം പൊലീസ് സംഘം പരിശോധിക്കുന്നു.

മാനന്തവാടി∙ മക്കിയാട് ഇരട്ടക്കൊലക്കേസ് പ്രതി വിശ്വനാഥൻ കൃത്യം നടത്തിയതു മദ്യലഹരിയിലാണെന്നു പൊലീസ്. സ്ഥിരം മോഷ്ടാവായ ഇയാൾക്കു മദ്യപിച്ചതിനുശേഷം വീടുകളിൽ കയറിനോക്കുന്ന ശീലമുണ്ടെന്നും പറയപ്പെടുന്നു. വിശ്വനാഥനെതിരെ നേരത്തേ സ്ത്രീപീഡനത്തിനും കേസുണ്ട്. കാറിൽ ലോട്ടറി വിറ്റിരുന്ന സമയത്ത് തൊട്ടിൽപാലം മുതൽ മക്കിയാട്, വെള്ളമുണ്ട മേഖലയിലൂടെയും മാഹി പള്ളൂർ വരെയും സ്ഥിരമായി യാത്ര ചെയ്തിരുന്ന വിശ്വനാഥന് ഈ സ്ഥലങ്ങളെല്ലാം ചിരപരിചിതമാണ്.

മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ മക്കിയാട് പൂരിഞ്ഞിയിൽ രാത്രിയിൽ ബസിറങ്ങിയ ഇയാൾ കുറേനേരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്നു. ഒറ്റയ്ക്ക് ഒരു ഫുൾ ബോട്ടിൽ മദ്യം അകത്താക്കിയ വിശ്വനാഥൻ മോഷണം നടത്താനായി പിന്നീട് ഇറങ്ങിനടക്കുന്നതിനിടയിലാണു വാഴയിൽ ഉമ്മറിന്റെ വീട്ടിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതു കണ്ടത്.

ചാരിക്കിടന്നിരുന്ന വാതിലിലൂടെ അകത്തുകയറിയ വിശ്വനാഥൻ കിടപ്പറയിലെത്തി. ഉറങ്ങിക്കിടന്ന ഫാത്തിമയുടെ സ്വർണ മാല എടുക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ ഉമ്മറിനെ തലയ്ക്കടിച്ചുവീഴ്ത്തി. ശബ്ദം കേട്ട് എണീറ്റ ഫാത്തിമയെയും തലയ്ക്കടിച്ചു ബോധം കെടുത്തി. ഇരുവരെയും തലയിൽ പിടിച്ചമർത്തി മരണം ഉറപ്പാക്കി സ്വർണാഭരണങ്ങൾ കൈക്കലാക്കി.

പുറത്തിറങ്ങി തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി സ്ഥലം വിട്ടു.

മോഷണം നടത്താൻ റോഡരികിലെ കൊച്ചുവീട് തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യമാണ് അന്വേഷണസംഘത്തെ ഏറെ കുഴപ്പത്തിലാക്കിയത്. വലിയ സാമ്പത്തിക ചുറ്റുപാടുള്ളവരുടെ വീടുകളിലും വൻ സമ്പത്ത് ലക്ഷ്യമിട്ടുള്ള മോഷണത്തിനിടയിലും നടക്കുന്നതുപോലെയാണു പൂരിഞ്ഞി വാഴയിൽ ഉമ്മറിന്റെ ഓടിട്ട പഴയ വീട്ടിൽ പ്രതി ക്രൂരകൃത്യം നടത്തിയത്.

ഇത്രയും ചെറിയ വീട്ടിൽ കുറച്ചു സ്വർണാഭരങ്ങൾക്കുവേണ്ടി മാത്രമായി നവദമ്പതികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതെന്തിന് എന്നതായിരുന്നു അന്വേഷണസംഘത്തിനു മുൻപിലെ ഉത്തരം കിട്ടാത്ത ചോദ്യം.

എന്നാൽ, പ്രതിയെ പിടികൂടിയതോടെ ആ ചോദ്യത്തിന് ഉത്തരമായി. വാഴയിൽ വീട് തേടിയല്ല പ്രതി വന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടിക്കാൻ പറ്റിയ വലിയ വീടു തേടി നടക്കുന്നതിനിടെ ഉമ്മറിന്റെ വീട്ടിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതു കണ്ട പ്രതി ആ വീട്ടിലെ കിടപ്പറ ലക്ഷ്യമിട്ടു നീങ്ങുകയായിരുന്നു.

വാഴയിൽ വീടിനു തൊട്ടുതാഴെയുള്ള പുതിയ വീട്ടിൽ മരുമകൾക്കു കൂട്ടുകിടക്കാനായി രാത്രിയിൽ പോകുന്നതിനിടെ ഉമ്മറിന്റെ മാതാവ് വാഴയിൽ വീടിന്റെ വാതിൽ കുറ്റിയിടാൻ മറന്നിരുന്നു. ചാരിയനിലയിലായിരുന്ന വാതിൽ വിശ്വനാഥൻ പുറത്തുനിന്നു തള്ളിയതോടെ മലർക്കെ തുറന്നു.

ഇക്കഴിഞ്ഞ ജൂലൈമാസം ആറിനാണു മക്കിയാട് പുറിഞ്ഞി വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ടത്. മൂന്നുമാസം മുമ്പ് വിവാഹം കഴിഞ്ഞവരാണു ക്രൂരമായി കൊല്ലപ്പെട്ടത്.

അന്വേഷണം തുടങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയുണ്ടാവാത്തതില്‍ വ്യാപകമായ വിമര്‍ശനങ്ങളുണ്ടായിരുന്നു. കേസ് സിബിഐയ്ക്കു വിടണമെന്ന ആവശ്യം ഉരുന്നതിനിടെയാണു നിര്‍ണായകമായ വഴിത്തിരിവ്. മലബാര്‍ ജില്ലകളിലെ ക്രിമിനല്‍സ്വഭാവമുള്ളവരുടെ പട്ടിക പൊലീസ് തയാറാക്കിയിരുന്നു.