തെലങ്കാന പിടിക്കാൻ 'ലേഡി അമിതാഭ്'; ‘ശാന്തി’ നഷ്ടപ്പെട്ട് കോൺഗ്രസ്

രാഹുൽ ഗാന്ധി, വിജയശാന്തി

ഹൈദരാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിൽ മുഖ്യപ്രചാരകയായി മുൻ സിനിമാതാരം വിജയശാന്തിയെ നിശ്ചയിച്ച് കോൺഗ്രസ്. എന്നാൽ, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ബുദ്ധിപരമല്ലാത്ത നീക്കമായാണു മിക്ക സംസ്ഥാന നേതാക്കളും ഇതിനെ കാണുന്നത്. ഒരുകാലത്തു 'ലേഡി അമിതാഭ്' എന്ന് അറിയപ്പെട്ടിരുന്ന വിജയശാന്തി സിനിമാലോകത്തുനിന്ന് അകന്നിട്ടു കാലങ്ങളായി. എൺപതുകളിലെയും തൊണ്ണൂറുകളിലെയും കാണികൾക്കു സുപരിചിതയാണെങ്കിലും പുതുതലമുറയ്ക്കു കേട്ടുകേൾവി മാത്രമുള്ള മുൻ താരമാണു വിജയശാന്തിയെന്നു  നേതാക്കൾ ആരോപിക്കുന്നു.

സിനിമയിലും രാഷ്ട്രീയത്തിലും ഏറെക്കുറെ നിറംമങ്ങി നിൽക്കുകയായിരുന്ന വിജയശാന്തിക്കു തിരിച്ചുവരവിനുള്ള അവസരമായിരിക്കുകയാണ് അപ്രതീക്ഷിത നിയമനം. പല പാർട്ടികളിലൂടെ കടന്നുവന്ന വിജയശാന്തിയുടെ രാഷ്ട്രീയ ചരിത്രം ആശ്വാസകരമല്ലെന്നും നേതാക്കൾ പറയുന്നു. രണ്ടു പതിറ്റാണ്ടു മുൻപു സിനിമയിലെ തിളങ്ങുന്ന മുഖങ്ങളിലൊരാളായിരുന്നു വിജയശാന്തി. 1998ൽ ബിജെപിയിലൂടെയായിരുന്നു രാഷ്ട്രീയ അരങ്ങേറ്റം. വനിതാ വിഭാഗമായ ഭാരതീയ മഹിള മോർച്ചയുടെ സെക്രട്ടറിയായി. 1999ലെ പൊതുതിരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഡപ്പ മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്നായപ്പോൾ, എതിരാളിയായി നിറഞ്ഞുനിന്ന പേര് വിജയശാന്തിയുടേതായിരുന്നു. സോണിയ ബെല്ലാരിയിലാണു പിന്നീടു മത്സരിച്ചത്.

2009ൽ തെലങ്കാന പ്രക്ഷോഭം ശക്തമായപ്പോൾ പ്രചാരകരിലൊരാളായി മാറിയ നടി, ബിജെപി വിട്ടു ‘തല്ലി തെലങ്കാന’ എന്ന സ്വന്തം പാർട്ടിക്കു രൂപം നൽകി. ജനപിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതോടെ തെലങ്കാന രാഷ്ട്ര സമിതിയുമായി (ടിആർഎസ്) സ്വന്തം പാർട്ടിയെ ലയിപ്പിച്ചു. 2009ൽ മേഡക് ലോക്സഭാ മണ്ഡലത്തിൽനിന്നു ടിആർഎസ് ടിക്കറ്റിൽ പാർലമെന്‍റിലെത്തി. ടിആർഎസ് നേതാവും കാവൽ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവുവുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്നു വിജയശാന്തി കോൺഗ്രസ് ക്യാംപിലെത്തുകയായിരുന്നു.

2014ൽ നിസാമാബാദിൽനിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും ചന്ദ്രശേഖര റാവുവിന്‍റെ മകളായ കെ.കവിതയോടു പരാജയപ്പെട്ടു. പിന്നീട് രാഷ്ട്രീയ വേദികളിൽനിന്ന് അപ്രത്യക്ഷയായി. 2014ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ, ചിത്രത്തിലില്ലാതിരുന്ന ഒരാൾ പടനയിക്കാനെത്തുന്നതിലെ അസ്വാഭാവികത നേതാക്കൾക്ക് ഉൾക്കൊള്ളനായിട്ടില്ല.