Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; കുത്തിയത് സഹലും ഷഹീമും

Abhimanyu | SFI | Maharajas

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 16 പ്രതികളെ ഉൾപ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണു നൽകിയത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇതിലെ പ്രതികൾ. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം പിന്നീട് നൽകും.

കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെയാണു കോളജ് ക്യാംപസിൽ അഭിമന്യു കുത്തേറ്റു മരിച്ചത്. പിടിയിലാകാനുള്ള സഹലും ഷഹീമും അടക്കം മൂന്നു പേരാണ് അഭിമന്യുവിനെയും കൂട്ടുകാരൻ അർജുൻ കൃഷ്ണയെയും കുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപതു പേർ നേരിട്ടും ബാക്കിയുള്ളവർ അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നു കുറ്റപത്രം പറയുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴു പേർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യപ്രതികൾ ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ റിമാൻഡിലുള്ള പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാൻ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടൻ സമർപ്പിച്ചത്.