സ്കൂള്‍ ബസ് മരത്തിലിടിച്ചു; മൂന്ന് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്ക്

ആലപ്പഴ ∙ ഭിന്നശേഷിക്കാരായ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു. മൂന്നു വിദ്യാർഥികള്‍ക്കും ഡ്രൈവർക്കും പരുക്ക്. വള്ളികുന്നം പരിയാരത്തുകുളങ്ങര ജങ്ഷനു സമീപമായിരുന്നു അപകടം. എല്ലാവർക്കും നിസാര പരുക്കുകൾ മാത്രമാണ്.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഇലിപ്പക്കുളം എംഇഎസ് മെന്റൽ ആൻഡ് ഹാൻഡികാപ്ഡ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ടു വഴിയരികിൽ മ‍ുറിച്ചിട്ടിര‍ുന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻവശത്തിരുന്ന കുട്ടികൾക്കാണു പരുക്കേറ്റത്. മരം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയും നാശനഷ്ടമുണ്ടായിട്ടുണ്ട്. അഗ്നിശമന സേന സ്ഥലത്തെത്തി മരം മുറിച്ചുനീക്കി.