Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഫ്എഫ്കെ നടത്താമെന്ന് മുഖ്യമന്ത്രി; സർക്കാർ സഹായം ലഭിക്കില്ല

iffk

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) സര്‍ക്കാര്‍ ധനസഹായമില്ലാതെ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി. ചെലവുചുരുക്കി മേള സംഘടിപ്പിക്കാമെന്ന ചലച്ചിത്ര അക്കാദമിയുടെ നിർദേശങ്ങളാണു മുഖ്യമന്ത്രി അംഗീകരിച്ചത്. ഉദ്ഘാടനച്ചടങ്ങ് ഉപേക്ഷിക്കുക, ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അക്കാദമി മുന്നോട്ടുവെച്ചത്.

എന്നാൽ മേളയ്ക്കായി സര്‍ക്കാരില്‍നിന്ന് ഒരുപൈസ പോലും കിട്ടില്ല. അക്കാദമി സ്വന്തം നിലയ്ക്കു നടത്തണം. കഴിഞ്ഞവര്‍ഷം ആറുകോടി രൂപയാണു ചലച്ചിത്രമേളയ്ക്കു ചെലവായത്. ഇക്കുറി ചെലവ് പകുതിയാക്കാനുള്ള നിര്‍ദേശങ്ങള്‍ അക്കാദമി മുന്നോട്ടുവെച്ചു. ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നതു കുറഞ്ഞത് 1500 രൂപയായെങ്കിലും കൂട്ടുക, വിദ്യാര്‍ഥികളുടെ ഫീസ് 350 രൂപയില്‍നിന്ന് 700 രൂപയാക്കുക, വിദേശ അതിഥികളുടെയും ജൂറികളുടെയും എണ്ണം കുറയ്ക്കുക, പ്രതിദിന ഫെസ്റ്റിവല്‍ ബുള്ളറ്റിനുകള്‍ ഒാണ്‍ലൈന്‍ ആക്കുക, ലോകസിനിമാ വിഭാഗവും റിട്രോസ്പക്ട്രീവും ഒഴിവാക്കുക, മല്‍സരവിഭാഗം, മലയാള സിനിമ വിഭാഗം, ഇന്ത്യന്‍ സിനിമ വിഭാഗം എന്നിവ മാത്രമായി ചുരുക്കുക, ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കുക, സമാപനവും സമ്മാനദാനവും ലളിതമാക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങള്‍. ഇവ നേരത്തെ സാസ്കാരിക വകുപ്പ് അംഗീകരിച്ചിരുന്നു.

കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാലന്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കുകയും സര്‍ക്കാര്‍ സഹായമില്ലാതെ മേള സംഘടിപ്പിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഡെലിഗേറ്റ് ഫീസ് ഇനത്തിലും മറ്റും രണ്ടുകോടി രൂപ സമാഹരിക്കാനാകും. ബാക്കി ഒരുകോടി രൂപ കണ്ടെത്തുകയാണ് അക്കാദമിയുടെ മുന്നിലുള്ള വെല്ലുവിളി. സ്പോര്‍ണ്‍സര്‍മാരുടെ സഹായം തേടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ 27ന് മന്ത്രി ബാലനുമായി ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചര്‍ച്ച നടത്തും.