ദക്ഷിണേന്ത്യയിലെ വലിയ ലഹരിമരുന്ന് വേട്ട: കൊച്ചിയിൽ 200 കോടിയുടെ എംഡിഎംഎ പിടിച്ചു

പിടിച്ചെടുത്ത ലഹരി വസ്തുക്കൾ എക്സൈസ് സംഘം പരിശോധിക്കുന്നു

കൊച്ചി∙ നഗരത്തിൽ 200 കോടി രൂപ വിലവരുന്ന ലഹരി മരുന്ന് എക്സൈസ് പിടികൂടി. 30 കിലോ തൂക്കമുള്ള എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി പദാർഥമാണു പിടികൂടിയത്. നഗരത്തിലെ പാഴ്‌സൽ സർവിസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. 

പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് എക്സൈസ് കൊച്ചിയിൽ നടത്തിയതെന്ന് ഡപ്യൂട്ടി കമ്മിഷണർ എ.എസ്.രഞ്ജിത് പറഞ്ഞു. ഇവ മലേഷ്യയിലേയ്ക്കു കടത്താനാണു പദ്ധതിയിട്ടിരുന്നതെന്നും എക്സൈസ് സംശയിക്കുന്നു. രാജ്യത്തിനു പുറത്തേയ്ക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ.