തിരഞ്ഞെടുപ്പിന് മുൻപ് സൗജന്യ വൈദ്യുതിയുമായി വസുന്ധര രാജെ; ‘ഷോക്കടിച്ച്’ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ

ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഇറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നത് ഉച്ചയ്ക്ക് 12.30ന് വാർത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു. എന്നാൽ പിന്നീടു വാർത്താസമ്മേളനത്തിന്റെ സമയം മൂന്നു മണിക്കൂർ വൈകിപ്പിച്ച് 3.30 എന്നാക്കി. ഇതാണു കോൺഗ്രസിനെ പ്രകോപിപ്പിച്ചത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുവേണ്ടിയാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം മൂന്നു മണിക്കൂർ വൈകിപ്പിച്ചതെന്നു കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. അജ്മേറിൽ‌ തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് ഒരു മണിക്കു പ്രസംഗിക്കുന്നുണ്ടായിരുന്നു. ഇലക്‌ഷൻ കമ്മിഷനും മേലുള്ള ‘സൂപ്പർ ഇസി’ ആണോ ബിജെപിയെന്നു സുർജേവാല ചോദിച്ചു. കർണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ബിജെപി ഐടി സെൽ മേധാവി തീയതി ട്വീറ്റ് ചെയ്തു, ഗുജറാത്ത്, ഹിമാചൽ‌ തിരഞ്ഞെടുപ്പുകൾ വേറെ വേറെ നടത്താൻ തീരുമാനിച്ചു–തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്.

രാജസ്ഥാനിലെ അജ്മേറിൽ നടന്ന ബിജെപി റാലിയിൽ, കർഷകർക്കു സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി വസുന്ധര രാജെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് ഈ പ്രഖ്യാപനം നടത്താൻ സാധിക്കില്ലായിരുന്നു. വസുന്ധരാ രാജെയുടെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും രംഗത്തെത്തി.

ഇതാദ്യമായല്ല കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ കയ്യിലെ പാവയായാണ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിലും കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഇടഞ്ഞു.