Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിത്‌ലി നാളെ ഒഡീഷയിൽ വീശും; ലുബാൻ അതിതീവ്രചുഴലി; കരയിലേക്കെത്താൻ 3 ദിവസം

Cyclone | Representational image പ്രതീകാത്മക ചിത്രം

പത്തനംതിട്ട∙ തിത്‌ലി ചുഴലിക്കാറ്റ് തീവ്രചുഴലിയായി മാറി വ്യാഴാഴ്ച രാവിലെ ഒഡീഷയിലെ ഗോപാൽപ്പൂരിനും ആന്ധ്രയിലെ കലിംഗപ്പട്ടണത്തിനും ഇടയിൽ കരയിലേക്കു വീശാൻ സാധ്യത തെളിഞ്ഞു. ബുധൻ രാവിലെ മുതൽ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 110 മുതൽ 125 വരെ കിലോമീറ്റർ വേഗത്തിലാകും. കേരളത്തെ ഇതു കാര്യമായി ബാധിക്കില്ലെങ്കിലും ഇന്നും നാളെയും സംസ്ഥാനത്തു ചിലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാം. 

ശക്തമായ മഴയ്ക്കു സാധ്യത തീരെയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കരയിലേക്കു കയറുന്ന ചുഴലി കൊൽക്കത്ത തീരത്തേക്കു തിരിയും. സുന്ദർബൻ ഉൾപ്പെടെയുള്ള 24 പർഗാന ജില്ലകളിലും കനത്ത മഴ ലഭിക്കും. ലുബാൻ ചുഴലിക്കാറ്റ് ഒമാൻ യെമൻ തീരത്തെ ലക്ഷ്യമാക്കി കൂടുതൽ തീവ്രത കൈവരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി. പക്ഷേ, കരയിലേക്ക് അടിക്കണമെങ്കിൽ ഇനി മൂന്നു ദിവസം കൂടി കാത്തിരിക്കണം. 

മൽസ്യത്തൊഴിലാളികൾ യെമൻ ഭാഗത്തേക്കു പോകരുതെന്നാണു നിർദേശം. അറബിക്കടലിൽ വൻതിരമാലകൾ ഇപ്പോഴും ശാന്തമായിട്ടില്ല. തെക്കൻ മേഖല ഏതാനും ദിവസങ്ങൾക്കുള്ളിൽ മൽസ്യബന്ധനത്തിനു സജ്ജമാകും വിധം ശാന്തമാകുമെന്നാണു നിഗമനം.