എഎപി നേതാവിനെ തട്ടിക്കൊണ്ടു പോയത് സുഹൃത്ത്; കാറിലിട്ടു ജീവനോടെ കത്തിച്ചു

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ഗാസിയാബാദിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ എഎപി നേതാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുൾപ്പെട്ട മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 44 കാരനായ നവീൻ ദാസിനെ സുഹൃത്ത് തട്ടിക്കൊണ്ടു പോയ ശേഷം കാറിലിട്ട് ജീവനോടെ ചുട്ടെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി തയ്യബ് ഖുറേഷി, സഹോദരന്‍ താലിബ് ഖുറേഷി, ഇവരുടെ സുഹൃത്ത് സമർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ‘കൊല്ലപ്പെട്ട നവീൻ ദാസും തയ്യബും സ്വവർഗാനുരാഗികളായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ചിത്രീകരിച്ച വിഡിയോ നവീനിന്‍റെ പക്കലുണ്ടായിരുന്നു. ഇതുകാട്ടി തയ്യബിനെ തന്നോടൊപ്പം വാടക ഫ്ലാറ്റിൽ താമസിക്കാൻ നവീൻ നിർബന്ധിച്ചു. ഇതോടെയാണ് നവീനെ ഒഴിവാക്കാനുള്ള പദ്ധതിക്ക് തയ്യബ് രൂപം നൽകിയത്. സംഭവ ദിവസം രാത്രി ലോണയിലെത്താൻ നവീനോട് ആവശ്യപ്പെട്ട തയ്യിബ്, ഹൽവയിൽ മയക്കുഗുളിക കലര്‍ത്തി നവീനു കൊടുത്തു.

ഹൽവ കഴിച്ച നവീൻ പാതിമയക്കത്തിലായതോടെ തയ്യബും കൂട്ടാളികളും നവീന്റെ എടിഎം കാർ‌ഡുകൾ ഉപയോഗിച്ച് അയാളുടെ അക്കൗണ്ടിൽനിന്ന് 7.85 ലക്ഷത്തോളം രൂപ കവർന്നു. തുടർന്ന് ഗാസിയാബാദിലെത്തിയ സംഘം നവീനെ കാറിനുള്ളിലിട്ട് പെട്രോൾ ഒഴിച്ച് കാറിനു തീ കൊളുത്തുകയായിരുന്നു. നവീന്‍റെ ഐഫോണും മറ്റു സാമഗ്രികളും കവർന്ന ശേഷമാണ് ഇവർ സ്ഥലം വിട്ടത്.’

കൊലപാതകത്തിനു ശേഷവും നവീന്‍റെ ഫോൺ പ്രവർത്തിച്ചിരുന്നുവെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഫോൺ ഓഫാക്കാതിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളിൽനിന്ന് 4.85 ലക്ഷം രൂപ കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ, തയ്യബിന്‍റെ പിതാവിന്‍റെ പക്കലാണ് ബാക്കി പണമെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇയാൾ ഒളിവിലാണ്.