ദസറ ആഘോഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും

ഭോപ്പാല്‍∙ മധ്യപ്രദേശില്‍ ദസറ ആഘോഷങ്ങള്‍ക്കു മുമ്പ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ മൂന്നു ദിവസത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു ശേഷം 115 സീറ്റുകളിലേക്കുള്ള പേരുകളും പാനലുകളും തയാറാക്കി. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റിയാണു സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. ഈ മാസം 15, 16 തീയതികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദതിയ-ഗ്വാളിയര്‍ മേഖലയില്‍ റോഡ് ഷോയ്ക്കായി എത്തുന്നുണ്ട്. ഈ ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു നേതൃത്വം.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, പ്രചാരണസമിതി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് തുടങ്ങിയവരാണു ഡല്‍ഹിയില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ആദ്യഘട്ടത്തില്‍ എത്ര സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കാന്‍ നേതാക്കള്‍ തയാറായില്ല. 30 സീറ്റുകളില്‍ അന്തിമതീരുമാനം ആയെന്നാണു റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ പട്ടിക പൂര്‍ത്തിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പു സമിതിക്കു കൈമാറുമെന്നാണു മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചത്.

ബിഎസ്പിയുമായുള്ള സഖ്യസാധ്യതയില്‍ വിള്ളല്‍ വീണതാണു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനെ കുഴപ്പിക്കുന്ന പ്രധാനവിഷയം. 22 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബിഎസ്പി 230 സീറ്റുകളിലും മല്‍സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിഎസ്പി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടാല്‍ മതിയെന്ന നിലപാടിലാണു പിസിസി അധ്യക്ഷന്‍ കമല്‍നാഥ്. നിരവധി സീറ്റു മോഹികളാണു ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്.