കോണ്‍ഗ്രസ്-തിര. കമ്മിഷന്‍ പോര് മുറുകുന്നു; 60 ലക്ഷം വ്യാജവോട്ടര്‍മാരെന്ന് ആരോപണം

ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ കോണ്‍ഗ്രസും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിലുള്ള പോര് കൂടുതല്‍ കടുക്കുന്നു. പഴയ വോട്ടര്‍ പട്ടിക ഹാജരാക്കി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ കുറ്റപ്പെടുത്തി. അപാകതകള്‍ പരിഹരിച്ചു ജൂണില്‍ തന്നെ വോട്ടര്‍ പട്ടിക തിരുത്തിയിരുന്നുവെന്നും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിനു വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്റെ പ്രതികരണം. ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരാണു കേസ് പരിഗണിക്കുന്നത്.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കോണ്‍ഗ്രസ് ജൂണ്‍ 3നു പരാതി സമര്‍പ്പിച്ചുവെന്നും അപാകത പരിഹരിച്ചതായി ജൂണ്‍ 8നു തന്നെ അവരെ അറിയിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിഭാഷകന്‍ വികാസ് സിങ് അറിയിച്ചു. ജൂലൈ 31ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും പിഴവുകളുള്ള പഴയ വോട്ടര്‍ പട്ടിക പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത തകര്‍ക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കമ്മിഷന്‍ ആരോപിച്ചു.

അതേസമയം ഒരു ബൂത്തില്‍ തന്നെ ഒരാളുടെ ചിത്രം ഉപയോഗിച്ച് 36 പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ കപില്‍ സിബല്‍, വിവേക് തന്‍ഹ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു സിബിഐ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 60 ലക്ഷത്തോളം വ്യാജവോട്ടര്‍മാര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. അതില്‍ 24 ലക്ഷം പേരെ ഒഴിവാക്കിയെന്നാണു കമ്മിഷന്‍ പറയുന്നത്. ആര്‍ക്കു വേണ്ടിയാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. വിശദമായ അന്വേഷണം അനിവാര്യമാണെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ പരാതിക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിഭാഷകന്‍ വ്യക്തമാക്കി.