ആ സ്ഫോടനത്തിനു പിന്നിൽ ഞങ്ങൾ‌ തന്നെ: വെളിപ്പെടുത്തലുമായി കോടതി വെറുതെ വിട്ടവർ

സനാതൻ സൻസ്ത പ്രവർത്തകർ ക്യാമറ ഉണ്ടെന്ന് അറിയാതെ സംസാരിക്കുന്നു.

മുംബൈ∙ മഹാരാഷ്ട്ര എടിഎസിനെ വെട്ടിലാക്കി കോടതി വെറുതേ വിട്ട പ്രതികളുടെ വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമം നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണു സനാതന്‍ സന്‍സ്ത പ്രവർത്തകരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 2008ല്‍ മഹാരാഷ്ട്രയിലെ താനെ, വാഷി, പനവേല്‍ എന്നിവിടങ്ങളിലെ നാടക, സിനിമ തിയേറ്ററുകളില്‍ ബോംബ് സ്ഫോടനം നടത്തിയതു തങ്ങള്‍‍ തന്നെയാണെന്ന് ഇവർ സമ്മതിച്ചു. സനാതന്‍ സൻസ്ത സജീവപ്രവര്‍ത്തകരായ മങ്കേഷ് ദിനകര്‍ നികം, ഹരിഭാവു കൃഷ്ണ ദിവേകര്‍ എന്നിവരാണു സ്ഫോടനങ്ങളിലെ തങ്ങളുടെ പങ്കു വെളിപ്പെടുത്തിയത്. 

ഇവരുടെ വീട്ടില്‍നിന്നു കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നിട്ടും മുഖ്യ പ്രതിയുടെ കൂട്ടാളിയായി മാത്രമാണു കുറ്റപത്രത്തില്‍ ആരോപിച്ചതെന്നും ഹരിഭാവു ദിവേകർ വെളിപ്പെടുത്തി. തെളിവുകളുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു 2011ൽ കോടതി ഇവരെ വെറുതേ വിടുന്നത്. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്, എഴുത്തുകാരായ ഗോവിന്ദ് പൻസാരെ, എം.എൻ. കൽബുറഗി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു സനാതൻ സൻസ്തക്കെതിരെ ആരോപണങ്ങളുയർന്നിരുന്നെങ്കിലും രാഷ്ട്രീയസമ്മർദമാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവർ പറയുന്നു.

രാഷ്ട്രീയ സമ്മര്‍ദമില്ലായിരുന്നുവെങ്കിൽ സനാതൻ സൻസ്ത വളരെ മുൻപേ തന്നെ നിരോധിത സംഘടന ആകേണ്ടതായിരുന്നുവെന്നും ഇവർ പറയുന്നു. സനാതൻ സന്‍സ്തയെ സംരക്ഷിക്കുന്നതു ഗോവയിലെ ഒരു മന്ത്രിയാണെന്നു ഗോവ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. നിലവിൽ മനോഹർ പരീക്കർ സർക്കാരിൽ മന്ത്രിയായ നേതാവിന്‍റെ പേരാണ് ഇവർ പറഞ്ഞത്. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്ര ഹിന്ദു സംഘടനയാണ് സനാതൻ സൻസ്ത. 1990ൽ ജയന്ത് ബാലാജി അത്വാലെയാണ് ഇതു സ്ഥാപിച്ചത്.