വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പണം തട്ടി; നൈജീരിയൻ പൗരൻ പിടിയില്‍

കേസിൽ പിടിയിലായ നൈജീരിയൻ പൗരനോടൊപ്പം അന്വേഷണോദ്യോഗസ്ഥർ, ഇൻസെറ്റിൽ നൈജീരിയൻ പൗരൻ ഇദുമെ ചാൾസ് ഒന്യാമയേച്ചി

മലപ്പുറം∙ മരുന്നുകമ്പനിയുടെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പണം തട്ടിയ കേസിൽ നൈജീരിയൻ പൗരനെ മഹാരാഷ്‌ട്രയിലെ പാൽഗഡ് ജില്ലയിൽനിന്ന് മഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇദുമെ ചാൾസ് ഒന്യാമയേച്ചി (32) ആണ് അറസ്‌റ്റിലായത്. വിവിധതരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ അംഗമാണ് ഇദുമെ ചാള്‍സ്. 

കാമറൂൺ പൗരൻമാരായ അകുംബെ ബോമഞ്ചിവ (28), ലാങ്‌ജി കിലിയൻ കെങ് (27) എന്നിവരെയും സംഘാംഗങ്ങളായ രാജസ്‌ഥാൻ ചിറ്റോർഗഡ് കുംഭനഗർ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്‌പുർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കേസിൽ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. തട്ടിപ്പുകേസുകളിൽ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവർത്തിക്കുകയാണ് ഇദുമെ ചാൾസ്. മഞ്ചേരി സ്വദേശിയുടെ മൊത്തമരുന്നുവിപണന കേന്ദ്രം വിലപിടിപ്പുള്ള മരുന്നുകൾ വെബ്‌സൈറ്റ് വഴി വാങ്ങിയിരുന്നു. 1.25 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണു തട്ടിപ്പു മനസ്സിലായത്. 

സമാനമായ കേസിൽ രാജസ്‌ഥാൻ പൊലീസ് അറസ്‌റ്റ് ചെയ്‌ത ഇദുമെ ചാൾസ് പിന്നീടു ജാമ്യത്തിലിറങ്ങി തട്ടിപ്പു തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിഐ എൻ.ബി.ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിൽ സൈബർ ഫൊറൻസിക് ടീം അംഗം എൻ.എം.അബ്‌ദുല്ല ബാബു, എസ്ഐഎസ്ടി അംഗങ്ങളായ കെ.പി.അബ്‌ദുൽ അസീസ്, ടി.പി.മധുസൂദനൻ, ഷഹബിൻ, ഹരിലാൽ എന്നിവരാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ റിമാൻഡ് ചെയ്‌തു.