കാവൽക്കാരൻ തന്നെ മോഷ്ടിച്ചു: റഫാലിനെപ്പറ്റി മുല്ലപ്പള്ളി

റഫാൽ വിമാനഇടപാടിനും ഇന്ധനവിലവർധനയ്ക്കുമെതിരെ എറണാകുളം ഡിസിസി നടത്തിയ പ്രതിഷേധ ധർണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി ∙ കാവൽക്കാരന്റെ കയ്യിൽ താക്കോൽ ഏൽപിച്ചപ്പോൾ മോഷണമാണു നടന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റഫാൽ വിമാന ഇടപാടിനെയും ബന്ധിപ്പിച്ചു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. 

റഫാൽ ഇടപാടിൽ 48,000 കോടി രൂപയുടെ അഴിമതി നടന്നതിന്റെ തെളിവുകളാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) 108 വിമാനങ്ങളുടെ കരാർ ലഭിക്കുംവിധമായിരുന്നു യുപിഎ സർക്കാർ റഫാൽ ഇടപാട് ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, മോദി അധികാരത്തിൽ വന്നതോടെ അതു റദ്ദാക്കി. എച്ച്എഎൽ പുറത്തായി. അതിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ പ്രധാനമന്ത്രി മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.