ഗോവയിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ; കൂടുതൽ പേർ എത്തുമെന്നു സൂചന

ന്യൂഡൽഹി∙ ഗോവയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രണ്ടു എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് കോൺഗ്രസ് എംഎൽഎമാരായ ദയാനന്ദ് സോപ്തെ, സുഭാഷ് ശിരോദ്കർ എന്നിവർ ബിജെപിലേക്കു ചേർന്നതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച, ഇവർ ഗോവയിൽനിന്നു ഡൽഹിയിലേക്കു പോയതു മുതൽ ചുവടുമാറ്റത്തെ കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നു സുഭാഷ് ശിരോദകർ പറഞ്ഞു.

അമിത് ഷായും ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയും ചേർന്നു ഭീഷണിപ്പെടുത്തിയാണ് എംഎൽഎമാരെ ബിജെപിലേക്കു കൊണ്ടുപോയതെന്നു കോൺഗ്രസ് നേതാവ് ചെല്ലകുമാർ ആരോപിച്ചു. മനോഹർ പരീക്കറിനു പകരം മുഖ്യമന്ത്രി കസേരയിലേക്കു കയറാനുള്ള വിശ്വജിത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന വാർത്തകളെ കഴിഞ്ഞ ദിവസം ചെല്ലകുമാർ തള്ളിയിരുന്നു.

എംഎൽഎമാരുടെ ചുവടുമാറ്റത്തോടെ ഗോവയിൽ ഭരണം പിടിക്കാനുള്ള കോൺഗ്രസിന്റെ സാധ്യതകൾ വീണ്ടും മങ്ങി. ആകെ 40 സീറ്റുകൾ ഉള്ള ഗോവയിൽ 16 സീറ്റുകളുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ രണ്ടു പേരുടെ കൂറുമാറ്റത്തോടെ ബിജെപിക്ക് 16 എംഎൽഎമാരായി. മനോഹർ പരീക്കറിന്റെ അഭാവത്തിൽ തങ്ങളെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണറോട് ആവശ്യപ്പെടണമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദിനോട് കോൺഗ്രസ് കഴി‍‍ഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.