യുവതിക്കു നേരെ പരസ്യമായി തോക്കുചൂണ്ടിയ മുൻ എംപിയുടെ മകൻ കീഴടങ്ങി

1. തോക്കുമായെത്തി യുവതിയെ ഭീഷണിപ്പെടുത്തുന്ന ആശിഷ് പാണ്ഡെ (പിങ്ക് പാന്റ്സ് ധരിച്ചയാൾ). ‌‌‌2. ആശിഷ് പാണ്ഡെ‌

ന്യൂഡൽഹി∙ നഗരത്തിലെ ആഡംബര ഹോട്ടലിനു മുൻപിൽ കഴിഞ്ഞ ദിവസം യുവതിക്കു നേരെ പരസ്യമായി തോക്കു ചൂണ്ടിയ എംപിയുടെ മകൻ കോടതിയിൽ കീഴടങ്ങി. മുൻ എംപിയായ ബിഎസ്പി നേതാവ് രാകേഷ് പാണ്ഡെയുടെ മകൻ ആശിഷ് പാണ്ഡെയാണ് വാക്കുതർക്കത്തിനിടയിൽ യുവതിക്കു നേരെ തോക്കു ചൂണ്ടിയത്. സംഭവത്തിൽ ആശിഷിനെതിരെ കോടതി ബുധനാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ആശിഷ് പാണ്ഡെയെ എഫ്ഐആറിൽ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും മാധ്യമവിചാരണയ്ക്കു വിധേയനാക്കിയെന്നും കീഴടങ്ങുന്നതായി അഭിഭാഷകൻ മുഖേന നൽകിയ അപേക്ഷയിൽ പറയുന്നു. സ്വമേധയ ഹാജരാകാൻ തയാറാണെന്നും ആവശ്യമെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വിടണമെന്നുമാണ് അപേക്ഷയിൽ വ്യക്തമാക്കിയത്.

ഞായറാഴ്ച പുലർച്ചെ ആർകെ പുരത്തെ ഹോട്ടൽ ഹയാത്ത് റീജൻസിക്കു മുന്നിലാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പിന്നാലെ ഹോട്ടൽ അധികൃതർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു കേസ് റജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ആയുധം കൈവശം വയ്ക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളിലാണു കേസ് റജിസ്റ്റർ ചെയ്തത്. ആയുധം കൈവശം വച്ചതിനുള്ള വകുപ്പുകൾ മാത്രമാണ് പൊലീസ് ആദ്യം ചുമത്തിയിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുകയായിരുന്നു. 

പുലർച്ചെ 3.40നു നിശാപാർട്ടിക്കു ശേഷം പുറത്തിറങ്ങിയ ആശിഷ് കൂടെയുള്ള യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. യുവതിയെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. സമീപത്തുണ്ടായിരുന്ന മറ്റു പലരെയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. ഹോട്ടൽ ജീവനക്കാർ ഇടപെട്ടെങ്കിലും അവർക്കു നേരെയും തോക്കുചൂണ്ടി.

യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതു വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരോടും തർക്കത്തിനു മുതിർന്ന യുവാവിനെ ഹോട്ടൽ ജീവനക്കാർ വലിച്ചിഴച്ചു കൊണ്ടുപോകുന്നിടത്താണു വീഡിയോ അവസാനിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ആശിഷ് പാണ്ഡെ ഒഴിവിൽ പോയിരുന്നു. ലക്നൗ സ്വദേശിയായ ആശിഷിന്റെ സഹോദരൻ റിതേഷ് പാണ്ഡെ ഉത്തർപ്രദേശിൽ എംഎൽഎയാണ്.