ക്ഷേത്ര സന്ദർശനം പതിവാക്കി രാഹുൽ; വോട്ടാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്

ഗ്വാളിയോറിലെ അചലേശ്വർ മഹാദേവ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്ന രാഹുൽ ഗാന്ധി.

ഭോപാൽ∙ തിരഞ്ഞെടുപ്പുപോരാട്ടം മുറുകിയ മധ്യപ്രദേശിൽ ‘ഹിന്ദു കാർഡ്’ വീശി രാഹുൽ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തന്ത്രം അതിനേക്കാൾ സജീവമായാണു കോൺഗ്രസ് അധ്യക്ഷൻ മധ്യപ്രദേശിൽ പുറത്തെടുക്കുന്നത്. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെ സന്ദർശനം പ്രചാരണ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണു രാഹുൽ.

5 നിയമസഭാ സീറ്റുകളിലെങ്കിലും വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ അര ഡസനോളം ക്ഷേത്രങ്ങൾക്കു പങ്കുണ്ടെന്നാണു കണക്കുകൂട്ടൽ. ഈ പശ്ചാത്തലത്തിലാണു ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ രാഹുലും പാർട്ടിയും തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാനാണു രാഹുലിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, പ്രചാരണ കമ്മിറ്റി തലവൻ ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ രാഹുലിനെ അനുഗമിക്കുന്നുമുണ്ട്. രാഹുലിന്റെ ക്ഷേത്രദർശനം വോട്ടാക്കി മാറ്റാനാകുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ.

‘ഹിന്ദു ഭീകരവാദം’ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാറുള്ള മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ വാദങ്ങൾക്കു തിരഞ്ഞെടുപ്പു തീരുംവരെ കോൺഗ്രസ് പ്രധാന്യം കൊടുക്കുന്നില്ല. പാർട്ടിയുടെ കോഓർഡിനേഷൻ കമ്മിറ്റി അധ്യക്ഷനാണു ദി‌ഗ്‌വിജയ്. ജനസംഖ്യയുടെ 90.9% ഹിന്ദുമത വിശ്വാസികളുള്ള മധ്യപ്രദേശിൽ അവരെ മോശമാക്കുന്നതൊന്നും മിണ്ടേണ്ടെന്നാണു തീരുമാനം. 14 കൊല്ലമായി തുടരുന്ന അശ്വമേധത്തിനു ബിജെപി തുടക്കമിട്ടതു ഹിന്ദുകാർഡ് ഇറക്കിയാണെന്നതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അഴിമതി മുതൽ വികസനം വരെ പല വിഷയങ്ങൾ ഈ വർഷങ്ങളിൽ കോൺഗ്രസ് കൊണ്ടുവന്നെങ്കിലും വോട്ടർമാർ ഗൗനിച്ചില്ല.

കാര്യങ്ങൾ ഇനിയും കൈവിട്ടു പോകാതിരിക്കാൻ, ഹിന്ദുമതാചാരങ്ങളെ പുണർന്നു ഭൂരിപക്ഷ സമുദായത്തെ കൂടെക്കൂട്ടുകയെന്ന തന്ത്രമാണു കോൺഗ്രസ് പരീക്ഷിക്കുന്നത്. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ 23,000 ഗ്രാമപഞ്ചായത്തുകളിലും ഗോശാലകൾ സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിനകം സംസ്ഥാനത്തെ മൂന്നു പ്രധാന ക്ഷേത്രങ്ങൾ രാഹുൽ സന്ദർശിച്ചു. ചിത്രകൂടിലെ കംതനാഥ് ക്ഷേത്രം, ദാട്ടിയയിലെ പീതാംബര പീഠം, ഗ്വാളിയോറിലെ അങ്കലേശ്വർ ക്ഷേത്രം എന്നിവയാണു അടുത്തിടെ രാഹുൽ സന്ദർശിച്ചത്. ഈ മാസമാദ്യം ജബൽപുരിലെ ഗ്വാരി ഘട്ടിൽ നർമദ ആരതിയും നടത്തി.

വരും ദിവസങ്ങളിൽ ഉജ്ജയ്നിലെ മഹാകലേശ്വർ ക്ഷേത്രം, ഓംകാരേശ്വർ ജില്ലയിലെ ഓംകാരേശ്വർ പീഠം, നിവാരി ജില്ലയിലെ രാം രാജ ക്ഷേത്രം, ലക്ഷ്മി നാരായൺ ക്ഷേത്രം തുടങ്ങിയവ സന്ദർശിക്കും. ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമല്ല രാഹുൽ പോകുന്നതെന്നാണു പാർട്ടിയുടെ മതേതര കാഴ്ചപ്പാടിനെക്കുറിച്ചു ചോദിക്കുമ്പോൾ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മസ്ജിദുകളും ഗുരുദ്വാരകളും രാഹുൽ സന്ദർശിക്കുന്നുണ്ടെന്ന് ഇവർ വിശദീകരിക്കുന്നു. ആരാധനാലയ സന്ദർശനങ്ങളുടെ ചിത്രം ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും രാഹുൽ ശ്രദ്ധിക്കുന്നുണ്ട്.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ബഹുസ്വരതയെ അംഗീകരിക്കലാണ് ഇത്തരം സന്ദർശനങ്ങളിലൂടെ രാഹുലും പാർട്ടിയും ഉദ്ദേശിക്കുന്നത്. വ്യത്യസ്തമായിരിക്കുമ്പോഴും നാം ഒറ്റ ജനതയാണ് എന്ന സന്ദേശം പകരാനാണു ശ്രമിക്കുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരും ഇത്തരത്തിൽ ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നെന്ന ന്യായവാദവും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു.