ഫ്രഞ്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നു പരാതി: ‍ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

Representational image

ന്യൂഡല്‍ഹി∙ സ്കൂൾ എക്സ്ചേഞ്ച് പദ്ധതിയിലൂടെ ഇന്ത്യയിലെത്തിയ ഫ്രഞ്ച് പെൺകുട്ടിയെ സുഹൃത്തിന്റെ പിതാവു മാനഭംഗപ്പെടുത്തിയെന്നു പരാതി. ഡൽഹിയിൽ ഒക്ടോബർ 18 നാണ് സംഭവം. പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കുറ്റങ്ങളുൾപ്പെടെ ശക്തമായ വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. സാകേതിലെ കുടുംബത്തിന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നപ്പോൾ, താമസമൊരുക്കിയിരുന്ന പെൺകുട്ടിയുടെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണു പെൺകുട്ടിയുടെ പരാതി. മുറിയിൽ താൻ ഒറ്റയ്ക്കായിരുന്ന നേരത്താണ് അതിക്രമം നടന്നതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ചു പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ: ജയ്‍പുരിലേക്കു പോകുന്നതിന് ലഗേജ് തയാറാക്കുന്ന സമയത്തായിരുന്നു കുറച്ചു ഉപദേശങ്ങളുമായി അവളുടെ അച്ഛൻ മുറിയിലേക്കു വന്നത്. ആ സമയത്തു ‍ഞാൻ‌ കിടക്കയിൽ ഇരിക്കുകയായിരുന്നു. ഉടനെതന്നെ അയാൾ എന്നെ കെട്ടിപ്പിടിച്ചു. സങ്കടപ്പെടാനില്ല എല്ലാം ശരിയാകും എന്നു പറഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അപ്പോൾ എനിക്കു മനസ്സിലായിരുന്നില്ല. മോശമായ രീതിയിൽ അയാൾ എന്നെ ആലിംഗനം ചെയ്തു. അപ്പോൾ എനിക്ക് നല്ലപോലെ വേദനിച്ചു– പെൺകുട്ടി പരാതിയില്‍ വ്യക്തമാക്കി.

തുടർന്ന് ജയ്പുരിലേക്കു പോകുംവഴി പെണ്‍കുട്ടി ഇക്കാര്യങ്ങൾ സുഹ‍ൃത്തുക്കളോടു പറഞ്ഞതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ഫ്രഞ്ച് എംബസി വഴി പെൺകുട്ടിയുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചശേഷം കുട്ടിയെ മറ്റൊരു കുടുംബത്തിലേക്കുമാറ്റി. ഫ്രഞ്ച് പെൺകുട്ടിയെ ഇന്ത്യയിലെത്തിച്ച പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂണില്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ വിദ്യാർഥി ഫ്രാൻസ് സന്ദർശിച്ചിരുന്നു. അന്ന് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ കൂടെയാണ് ഇന്ത്യൻ വിദ്യാർഥി ഫ്രാൻസിൽ തങ്ങിയിരുന്നത്. ഒക്ടോബർ 13ന് ഫ്രഞ്ച് പെൺകുട്ടി ഇന്ത്യയിലെത്തിയപ്പോൾ അതേ വിദ്യാർഥിയുടെ കുടുംബത്തിൽതന്നെ താമസിക്കുകയായിരുന്നു.