‘ആശങ്ക വേണ്ട; മണ്‍വിള ഇപ്പോൾ സുരക്ഷിതം: അന്തരീക്ഷത്തില്‍ വിഷാംശമില്ല’

തിരുവനന്തപുരം ∙ മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷാംശമില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി‍. ഹൈഡ്രോ കാര്‍ബണിന്റെ അളവു മാത്രമാണ് അന്തരീക്ഷത്തില്‍ കൂടുതലുള്ളത്. ഇത് ആശങ്കപ്പെടേണ്ട അളവിലില്ലെന്നും ബോര്‍ഡിന്റെ പ്രാഥമിക പരിശോധനയില്‍ പറയുന്നു. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല. എന്നാൽ മൺവിള ഇപ്പോൾ തീർത്തും സുരക്ഷിത മേഖലയാണന്നും ബോര്‍ഡിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.

തിരുവനന്തപുരം മൺവിളയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഫാമിലി പ്ലാസ്റ്റിക്സിന്റെ സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച‌ിരുന്നു. തീ പിടിക്കാന്‍ സാധ്യതയുള്ള അസംസ്കൃത വസ്തുക്കള്‍ അധികമായി സൂക്ഷിച്ചതാണ് അപകടത്തിനു കാരണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പെട്രോളിയം ഉല്‍പന്നങ്ങളും ഗ്യാസ് സിലിണ്ടറും സൂക്ഷിച്ചതാണു തീ ആളിപ്പടരാന്‍ കാരണമെന്ന് അഗ്നിരക്ഷാ സേന കഴിഞ്ഞ ദിവസം തന്നെ വിലയിരുത്തിയിരുന്നു.

തീപിടിത്തത്തില്‍ വ്യവസായവകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. ഫാക്ടറിക്കുള്ളില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം പുറത്തുവന്നു. ബുധനാഴ്ച രാത്രിയുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമായതു വ്യാഴം പുലര്‍ച്ചെയാണ്. നിര്‍മാണശാലയും ഗോഡൗണും പൂര്‍ണമായി കത്തി നശിച്ചു. തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും പറഞ്ഞു.