Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ടി.കെ.രവീന്ദ്രൻ അന്തരിച്ചു

Dr.-TK-Raveendran ഡോ.ടി.കെ.രവീന്ദ്രൻ

കോഴിക്കോട് ∙ ചരിത്രകാരനും കവിയും നിരൂപകനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ടി.കെ.രവീന്ദ്രൻ (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2നു പാലക്കാട് കോങ്ങാട് ബംഗ്ലാകുന്നിലെ മകന്റെ വസതിയായ ‘ഇതിഹാസി’ൽ നടക്കും.

തൃശൂർ വലപ്പാട്ട് എടമുട്ടം തണ്ടയംപറമ്പിൽ കുഞ്ഞുകൃഷ്ണന്റെയും കാർത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബർ 15ന് ആണു ജനനം. ബോംബെ സർവകലാശാലയിൽനിന്നു ചരിത്രത്തിൽ എംഎയും പിഎച്ച്ഡിയും നേടി. ന്യൂ ലോ കോളജിൽനിന്ന് നിയമബിരുദം.

1957ൽ ബോംബെ നാഷനൽ കോളജിൽ ചരിത്രാധ്യാപകനായി. കേരള സർവകലാശാലയുടെ കോഴിക്കോട്ടെ ചരിത്രവിഭാഗം കേന്ദ്രത്തിൽ അധ്യാപകനായി കേരളത്തിലേക്കെത്തി. കാലിക്കറ്റ് സർവകലാശാല തുടങ്ങിയപ്പോൾ 1969ൽ ചരിത്രവിഭാഗത്തിൽ റീഡറായി. തൊട്ടടുത്ത വർഷം കേരള സർവകലാശാലയിൽ ചരിത്രവിഭാഗം പ്രഫസറായി.

1987 മുതൽ 1992 വരെ കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലർ. 93 മുതൽ 96 വരെ സംസ്ഥാന പിന്നാക്ക സമുദായ കമ്മിഷൻ അംഗം. മലയാളത്തിലും ഇംഗ്ലിഷിലുമായി 30ൽ ഏറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ താമസം പാറോപ്പടിയിലെ വില്ലയിലായിരുന്നു. കോങ്ങാട് ചോലയിൽ കുടുംബാംഗമായ ചന്ദ്രലേഖയാണു ഭാര്യ.

മക്കൾ: രാജീവ് (ബിസിനസ് – ആമ്പല്ലൂർ), ബിജു (ബിസിനസ് – കോങ്ങാട്), പ്രീതി (കോഴിക്കോട്). മരുമക്കൾ: ബിനി, കനക, വിനോദ് (ബിസിനസ് – കോഴിക്കോട്). സഹോദരങ്ങൾ: ഡോ. ടി.കെ.ജയരാജ് (മാതൃഭൂമി ഡയറക്ടർ, കോഴിക്കോട് പിവിഎസ് ആശുപത്രി എംഡി), സാവിത്രി (ഫറോക്ക്), സതി (അയ്യന്തോൾ), പരേതരായ ഗംഗാധരൻ, ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. കോളജ് ചാലക്കുടി), സുരേന്ദ്രൻ (റിട്ട. ഐആർഎസ്), സരോജിനി, സരസ്വതി.