ഡിവൈഎസ്പിയെ ‘കാത്തിരുന്ന്’ പൊലീസ്; കൊലക്കേസ് പ്രതിക്ക് ലുക്ക്ഔട്ട് നോട്ടിസില്ല

മരിച്ച സനലും കേസിലെ പ്രതി ഹരികുമാറും

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടുകൊന്ന കേസിൽ മെല്ലെപ്പോക്കു നയവുമായി കേരള പൊലീസ്. പ്രതിയായ ബി.ഹരികുമാറിനെ കണ്ടെത്താതെ കീഴടങ്ങുന്നതും കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഒളിവിൽ പോയ പ്രതിക്കു വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടില്ല.

പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. കീഴടങ്ങണമെന്ന് പ്രതിയോട് അഭ്യർഥിച്ചിട്ടുണ്ട്. അന്വേഷണത്തോടു സഹകരിക്കണമെന്ന് ബന്ധുക്കൾ വഴിയാണ് ഹരികുമാറിനെ അറിയിച്ചത്. ഹരികുമാറിന് ഇടുക്കിയിലും തമിഴ്നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണു വിവരം. പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം കൊലപാതകം അന്വേഷിക്കുന്ന സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വീട്ടുകാർക്ക് ഭക്ഷണംവാങ്ങാനിറങ്ങി; തർക്കം തള്ളിയിട്ടത് മരണത്തിലേക്ക്...

ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമറുമായ നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടിൽ എസ്. സനലാണ് മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഹരികുമാർ സനലിനെ കഴുത്തിനു പിടിച്ചു നടുറോഡിലേക്കു തള്ളുകയായിരുന്നെന്നാണു ദൃക്സാക്ഷികളുടെ മൊഴി.