കുറ്റക്കാരനെ സംരക്ഷിക്കുന്നു: പൊലീസിൽ വിശ്വാസമില്ലെന്ന് സനലിന്റെ ഭാര്യ

മാധ്യമങ്ങളോടു സംസാരിക്കുന്ന വിജി (വിഡിയോ ദൃശ്യത്തിൽനിന്ന്)

തിരുവനന്തപുരം∙ പൊലീസിൽ വിശ്വാസമില്ലെന്ന് നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന് വിജി ആരോപിച്ചു. കുറ്റക്കാരനായ ഡിവൈഎസ്പിയെ സംരക്ഷിക്കുകയാണ് അവർ ചെയ്യുന്നത്. സസ്പെൻഷൻ മതിയായ നടപടിയല്ല. ഹരികുമാറിനെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേകാര്യം സനലിന്റെ അമ്മയും ആവശ്യപ്പെട്ടു.

സാധാരണക്കാർക്കു സംരക്ഷണം നൽകാനാണ് പൊലീസ് പ്രവർത്തിക്കേണ്ടത്. കേസന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ വരണം. ഹരികുമാറിനു സസ്പെൻഷനൊന്നും പുത്തരിയല്ലായിരിക്കാം. അതുകൊണ്ട് അയാളെ പിരിച്ചുവിടണം. ഏകവരുമാന മാർഗമാണ് ഇല്ലാതായത്. എന്തെങ്കിലും സഹായം ലഭിച്ചാലേ ജീവിക്കാനാകൂ. സർക്കാരിന്റെ ഭാഗത്തുനിന്നു മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിജി മനോരമ ന്യൂസിനോടു പറഞ്ഞു.

അതേസമയം, ഹരികുമാര്‍ സംസ്ഥാനം വിട്ടെന്നു സൂചനയുണ്ട്. ഇടുക്കിയിലും തമിഴ്നാട്ടിലും ബന്ധങ്ങളുള്ള വ്യക്തിയാണു ഹരികുമാർ. അറസ്റ്റ് വൈകിക്കാന്‍ പൊലീസ് ഓഫിസേഴ്സ് അസോസിയേഷനിലെയും സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ടെന്നാണു വിവരം. നിസാര കാര്യത്തിനു സനലിനെ ഡിവൈഎസ്പി ക്രൂരമായി മർദ്ദിക്കുകയും റോഡിലേക്കു തള്ളിയിടുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.