കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി; നടുക്കും ക്രൂരത

പ്രതീകാത്മക ചിത്രം

ദുബായ്∙ ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. യുഎഇയിൽ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണു പൈശാചിക കൃത്യം നടത്തിയത്. യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവർ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാർക്കു വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി.

യുവാവിന്റെ സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാൽ സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.