Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുർവേദത്തെ ആഗോള ബ്രാന്‍ഡാക്കാൻ സർക്കാരിന്റെ പൂർണ പിന്തുണ: ഇ.പി.ജയരാജൻ

ayurveda-sunmmit സിഐഐ സംഘടിപ്പിക്കുന്ന ആഗോള ആയുര്‍വേദ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കുന്നു. സിഐഐ കേരള തലവൻ ജോണ്‍ കുരുവിള, സിഐഐ മുന്‍ മെംബര്‍ എ.കെ.നായര്‍, ഹെല്‍ത്ത്‌കെയര്‍ പിഡബ്ല്യുസി സൗത്ത് ഇന്ത്യ ഹെഡ് ഡോ. വിജയരാഘവന്‍, ഇസാഫ് ഫൗണ്ടറും സിഐഐ കേരള വൈസ് ചെയര്‍മാനുമായ കെ.പോള്‍ തോമസ്, എഫ്‌സിബി കൊഗീറ്റൊ കണ്‍സല്‍ട്ടിങ് പ്രസിഡന്റ് വിദ്യാധര്‍ വാബ്‌ഗോണ്‍കര്‍, സിഐഐ കേരള ചെയര്‍മാന്‍ ഡോ. എസ്.സജികുമാര്‍, സിഐഐ കേരള ആയുര്‍വേദ പാനല്‍ കണ്‍വീനര്‍ അജയ് ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ സമീപം.

കൊച്ചി ∙ രാജ്യാന്തര തലത്തില്‍ കൂടുതല്‍ സ്വീകാര്യതയും പിന്തുണയും ലഭിക്കുന്നതിന് ആയുർവേദത്തെ ആഗോള ബ്രാന്‍ഡാക്കാനുള്ള നീക്കങ്ങള്‍ക്കു സര്‍ക്കാർ പൂര്‍ണ പിന്തുണ നൽകുമെന്നു മന്ത്രി ഇ.പി.ജയരാജന്‍. മൂന്നാമത് സിഐഐ ആഗോള ആയുര്‍വേദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യാന്തര നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, നിലവാരമുള്ള ആരോഗ്യ പരിരക്ഷാ മാര്‍ഗങ്ങള്‍, ഗവേഷണത്തിനു ഫണ്ടിങ്, പുതിയ ഉത്പനങ്ങളും സേവനങ്ങളും തുടങ്ങിയ കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ പൂര്‍ണമായും സഹായിക്കുമെന്നു മന്ത്രി ഉറപ്പ് നല്‍കി.

പരമ്പരാഗത ഇന്ത്യന്‍ ചികിത്സ രീതിയായ ആയുര്‍വേദത്തിലൂടെ ഭൗതികവും മാനസികവും അധ്യാത്മികവുമായ സൗഖ്യം ഉറപ്പാക്കാൻ കഴിയുമെന്നു സിഐഐ പിഡബ്ല്യുസി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു മന്ത്രി പറഞ്ഞു. പശ്ചാത്യ മരുന്നുകളും ചികിത്സാരീതികളും രോഗങ്ങളെ ഫലപ്രദമായി നേരിടുമ്പോള്‍ ആയുര്‍വേദം വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം തന്നെ നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. 

രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനപ്പുറം  മനുഷ്യന്‍റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കുന്ന ചികിത്സാരീതി ആയിട്ടും 1000 ബില്യൻ ഡോളര്‍ ആഗോള ആരോഗ്യ പരിരക്ഷാ വിപണിയില്‍ ആയുര്‍വേദത്തിന്‍റെ സംഭാവന 3 ബില്യൻ ഡോളര്‍ മാത്രമാണ്. ഇന്ത്യയില്‍ പോലും 10 ശതമാനം പേര്‍ മാത്രമാണ് ആയുര്‍വേദത്തെ പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കുന്നതിനാണു സിഐഐ ആഗോള ആയുര്‍വേദ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. 

ആയുര്‍വേദത്തില്‍നിന്നു രൂപം കൊണ്ട നവീന ആഗോള രീതികള്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നു ബിഫാ ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ അജയ് ജോര്‍ജ് പറഞ്ഞു. മരുന്നുകള്‍, മെഡിക്കല്‍ സേവനങ്ങള്‍, ടൂറിസം, ഗവേഷണം, വിദ്യാഭ്യാസം എന്നിവ ആയുര്‍വേദ ആരോഗ്യ പരിചരണ മേഖലയില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്നും ഇതൊരു സുസ്ഥിര മാതൃകയാക്കണമെന്നും സിഐഐ പിഡബ്ള്യുസി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.