Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോളജി അസിസ്റ്റന്റ് മരിച്ചതും നിപ മൂലമെന്നു പഠന റിപ്പോര്‍ട്ട്; ആകെ മരണം 21

nipah-fever-keralam

കോഴിക്കോട് ∙ മലപ്പുറം കോഴിക്കോട് ജില്ലകളിലായി നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 21 ആണെന്നു പഠന റിപ്പോര്‍ട്ട്. 23 പേര്‍ക്കാണു രോഗബാധയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

19 പേര്‍ക്കു രോഗബാധയുണ്ടായതില്‍ 17 പേര്‍ മരിച്ചെന്നും രണ്ടു പേര്‍ രക്ഷപ്പെട്ടുവെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം റിപ്പോര്‍ട്ട് തള്ളി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ രംഗത്തെത്തി. 18 നിപ മരണം മാത്രമേ ഉറപ്പിച്ചു പറയാന്‍ കഴിയുകയുള്ളുവെന്നും ബാക്കി സംശയാസ്പദമാണെന്നും മന്ത്രി വ്യക്തമാക്കി. രോഗലക്ഷണം കാണിച്ച അഞ്ചെണ്ണവും നിപ തന്നെ ആയിരിക്കാം. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ അതു നിപ മരണമാണോ എന്നു ഉറപ്പിച്ചു പറയാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് നിപ പടര്‍ന്നത്. രോഗം ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്‌സ് ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 20-നാണു ലിനി മരിച്ചത്.

എന്നാല്‍ 19-ന് റേഡിയോളജി അസിസ്റ്റന്റ് മരിച്ചുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്.

ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. ഇയാളുമായി ബന്ധപ്പെട്ടാണ് ഒമ്പതു പേര്‍ക്കു രോഗബാധയുണ്ടായത്. സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. മെയ് 18നാണ് സാലിഹ് മരിക്കുന്നത്. 

കേരള സര്‍ക്കാരിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ തന്നെ കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനേ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോര്‍ട്ടുകള്‍.