Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന: പോർക്കളത്തിൽ 1821 സ്ഥാനാർഥികൾ; വനിതാ പ്രാതിനിധ്യം വെറും 41

ജോൺ എം. ചാണ്ടി
telangana-elections

ഹൈദരാബാദ്∙ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് അമരുമ്പോൾ പോർക്കളത്തിലുള്ളത് 1821 സ്ഥാനാർഥികൾ. ആകെ 2653 പേർ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും വിവിധ കാരണങ്ങളാൽ 465 പേരുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.

പ്രധാന രാഷ്ട്രീയ പാർട്ടികളുടെ റിബൽ സ്ഥാനാർഥികൾ ഉൾപ്പെടെ 367 പേർ സ്ഥാനാർഥിത്വം പിൻവലിച്ചു. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മൽസരരംഗത്തുള്ള സ്ഥാനാർഥികൾ 1821.

സംസ്ഥാനത്ത് ഏറ്റവുമധികം സ്ഥാനാർഥികൾ മൽസരിക്കുന്നത് മൽകജ്ഗിരി നിയോജക മണ്ഡലത്തിലാണ്. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പെടെ 42 പേരാണ് ഇവിടെ ജനസമിതി തേടുന്നത്. ഉപ്പൽ മണ്ഡലത്തിൽ 35 സ്ഥാനാർഥികൾ മൽസരിക്കുന്നു. ഏറ്റവും കുറച്ചു സ്ഥാനാർഥികൾ മൽസരിക്കുന്നത് ബൻസ്‌വാഡ മണ്ഡ‍ലത്തിലാണ് – ആറു പേർ.

വനിതാ പ്രാതിനിധ്യം നാമമാത്രം

സ്ത്രീശാക്തീകരണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾക്കു വിമുഖത. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി ആകെ 41 വനിതകളാണ് 119 അംഗ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരരംഗത്തുള്ളത്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നാലു വനിതകൾക്കു മാത്രമാണ് സീറ്റു നൽകിയിട്ടുള്ളത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് ടിക്കറ്റിൽ ആറു വനിതകൾ മൽസരിച്ചിരുന്നു. 94 സീറ്റുകളിൽ മൽസരിക്കുന്ന പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 11 വനിതകൾക്കു മാത്രമാണ് സീറ്റു നൽകിയിരിക്കുന്നത്.

മുൻ മന്ത്രിമാരായ ജെ. ഗീത റെഡ്ഡി, ഡി.കെ. അരുണ, സുനിത ലക്സ്മ റെഡ്ഡി, സബിത ഇന്ദ്ര റെഡ്ഡി എന്നിവരാണ് കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കുന്ന പ്രമുഖ വനിതാ സ്ഥാനാർഥികൾ.

കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷസഖ്യത്തിലെ (മഹാകൂടമി) അംഗമായ ടിഡിപി ആകെ മൽസരിക്കുന്ന 14 സീറ്റുകളിൽ ഒന്നാണ് വനിതാ സ്ഥാനാർഥിയ്ക്കായി മാറ്റിവച്ചിട്ടുള്ളത്.

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുങ്കു സിനിമയിലെ ചക്രവർത്തിയുമായിരുന്ന എൻ.ടി. രാമറാവുവിന്റെ (എൻടിആർ) കൊച്ചുമകൾ എൻ. സുഹാസിനിയാണ് ടിഡിപിയുടെ ഏക വനിതാ സ്ഥാനാർഥി. കുകത്പള്ളി മണ്ഡലത്തിലാണ് സുഹാസിനി മൽസരിക്കുന്നത്.

എട്ടു സീറ്റിൽ മൽസരിക്കുന്ന പ്രതിപക്ഷസഖ്യത്തിലെ മറ്റൊരു കക്ഷിയായ തെലങ്കാന ജനസമിതി(ടിജെഎസ്)യുടെ ഏക വനിതാ സ്ഥാനാർഥി ഭവാനി റെഡ്ഡി സിഡ്ഡിപേട്ട് മണ്ഡലത്തിൽ മൽസരിക്കുന്നു.

സംസ്ഥാനത്ത് ഒറ്റയ്ക്ക് മൽസരിക്കുന്ന ബിജെപിയാണ് ഇത്തവണ ഏറ്റവുമധികം വനിതാ സ്ഥാനാർഥികൾക്ക് അവസരം നൽകിയിരിക്കുന്നത്. 14 വനിതകളാണ് ബിജെപി ടിക്കറ്റിൽ മൽസരിക്കുന്നത്.

അതേ സമയം, എട്ടു സീറ്റുകളിൽ മൽസരിക്കുന്ന അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീനു (എഐഎംഐഎം) ഒരു സീറ്റിൽ പോലും വനിതാ സ്ഥാനാർഥിയില്ല.

സിപിഎം നേതൃത്വം നൽകുന്ന ബഹുജന ഇടതുപക്ഷ മുന്നണി 10 വനിതകൾക്കാണ് സ്ഥാനാർഥിത്വം നൽകിയിട്ടുള്ളത്. ഇതിൽ ഭിന്നലിംഗ വിഭാഗത്തിൽ നിന്ന് ഒരാളും ഉൾപ്പെടുന്നു.