‘ഞങ്ങൾ തമ്മിൽ നല്ല ബന്ധം, പലതും ഒരുമിച്ചു ചെയ്യാനുണ്ട്’: ടിഡിപി സഖ്യത്തെപ്പറ്റി രാഹുൽ

ഹൈദരാബാദ് ∙ തെലുങ്കുദേശം അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും താനും ശത്രുക്കളല്ലെന്നും തങ്ങൾക്കിടയിൽ മികച്ച പരസ്പരധാരണയാണുള്ളതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെക്കാൾ 20 വയസ്സോളം മുതിർന്ന നായിഡുവുമായി തെലങ്കാനയിൽ തിരഞ്ഞെടുപ്പു പ്രചാരണ വേദി പങ്കിടുകയായിരുന്നു രാഹുൽ.

‘ഞങ്ങൾ അന്യോന്യം ഇഷ്ടപ്പെടുന്ന വ്യക്തികളാണ്; ഒരുമിച്ചു പലതും ചെയ്യാനാകുമെന്നു ചിന്തിക്കുന്നവരും. ഈ തിരഞ്ഞെടുപ്പിൽ നിങ്ങളതു കാണാനിരിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കും’ – രാഹുൽ പറഞ്ഞു. കാലങ്ങളായി തുടരുന്ന വൈരം മാറ്റിവച്ചാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു മൽസരിക്കാന്‌ ഇരുപാർ‌ട്ടികളും തീരുമാനമെടുത്തത്. വിശാലവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായിരിക്കും സഖ്യമെന്ന് ഇരുപാർട്ടികളും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

രാജ്യമാണ് പരമപ്രധാനമെന്നും ഇക്കാര്യത്തിൽ തങ്ങളുടെ കാഴ്ചപ്പാടു വളരെ വ്യക്തമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്കുദേശവും കോൺഗ്രസും മറ്റു പാർട്ടികളും ഒരുമിച്ചു ചേർന്നിരിക്കുന്നത് രാജ്യത്തെ ബിജെപിയിൽനിന്നു രക്ഷിക്കാനാണെന്നും അതു തങ്ങളുടെ ഉത്തരവാദിത്തമായാണ് കരുതുന്നതെന്നും നായിഡു കൂട്ടിച്ചേർത്തു.

മാർച്ചിൽ എൻഡിഎ ക്യാംപ് വിട്ടു പുറത്തുവന്ന ശേഷം ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ മുൻനിരയിൽ നിലകൊള്ളുന്ന ചന്ദ്രബാബു നായിഡു, ഇതിനോടകം പല തവണ ഡൽഹിയിലെത്തി ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, അരവിന്ദ് കേജ്‍രിവാൾ തുടങ്ങി പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ എൻ.ടി. രാമറാവു രൂപം നൽകിയ പാർട്ടിയാണ് തെലുങ്കുദേശം. രൂപീകൃതമായി മാസങ്ങൾക്കകം, 1993 ൽ പാർട്ടി ആന്ധ്രയിൽ അധികാരത്തിലെത്തുകയും ചെയ്തു. ഇടതു പാർട്ടികളുമായും ബിജെപിയുമായുമെല്ലാം സഖ്യത്തിലേർപ്പെട്ട ചരിത്രമുള്ള ടിഡിപി, പക്ഷേ കോൺഗ്രസിനോട് അകന്നു നിൽക്കാനാണ് താത്പര്യം പ്രകടിപ്പിച്ചിരുന്നത്.

ഇരുപാർട്ടികൾക്കുമിടയിലെ ഇന്നലെകൾ അത്ര ശുഭകരമായിരുന്നില്ലെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തിനു സൃഷ്ടിക്കുന്ന ഭീഷണിക്കെതിരെയാണ് തങ്ങൾ യോജിച്ചു പോരാടുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.