‘രാഹുൽ നിർദേശിച്ചിട്ടല്ല, ഇമ്രാൻ ക്ഷണിച്ചിട്ടാണു പാക്കിസ്ഥാനിലേക്കു പോയത്’

നവജ്യോത് സിങ് സിദ്ദു

ചണ്ഡീഗഡ് ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണു പാക്കിസ്ഥാനിലേക്കു പോയതെന്ന ആരോപണം നിഷേധിച്ചു പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ലോകം മുഴുവൻ അറിയാവുന്നതു പോലെ പാക്ക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാൻ ഖാൻ വ്യക്തിപരമായി ക്ഷണിച്ചതിനാലാണു കർതാർപുർ സിഖ് ഇടനാഴിയുടെ ശിലാസ്ഥാപനത്തിൽ പങ്കെടുത്തതെന്നു സിദ്ദു ട്വിറ്ററിൽ കുറിച്ചു.

രാഹുൽ ഗാന്ധിയാണു തന്റെ ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നു വെള്ളിയാഴ്ച സിദ്ദു പറഞ്ഞതു വിവാദമായിരുന്നു. പാക്കിസ്ഥാൻ സന്ദർശന വേളയിൽ ഇമ്രാൻ ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാൻ നേതാവിനൊപ്പം ചിത്രമെടുത്തതും പ്രതിഷേധത്തിനു കാരണമായി.

മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നിർദേശങ്ങൾ എന്തുകൊണ്ടു പാലിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന്, അദ്ദേഹം ആർമി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണു രാഹുൽ ഗാന്ധിയെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. അമരീന്ദർ സിങ് തനിക്ക് അച്ഛനെ പോലെയാണ്. ഇതാദ്യമായല്ല അദ്ദേഹത്തെ അറിയിക്കാതെ പോകുന്നത്. കഴിഞ്ഞ തവണ മടങ്ങിവരുമ്പോൾ വീണ്ടും കാണാമെന്നു പറഞ്ഞിട്ടാണ് പാക്കിസ്ഥാനിൽനിന്നു പോന്നത്– സിദ്ദു പറഞ്ഞു.

കർതാർപുർ ഇടനാഴിയുടെ പാക്കിസ്ഥാൻ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കുന്നതിനാണു സിദ്ദു പോയത്. പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു പഞ്ചാബ് മുഖ്യമന്ത്രി പാക്ക് ക്ഷണം നിരസിച്ചിരുന്നു. സിദ്ദു ചടങ്ങിൽ പങ്കെടുത്തതിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദൽ, ഹർദീപ് സിങ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വീസയില്ലാതെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സിഖുകാർക്കു ഗുരുദ്വാരകൾ സന്ദർശിക്കാൻ ഉതകുന്നതാണു കർതാർപുർ ഇടനാഴി.