Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ചേശ്വരം: പിന്മാറില്ലെന്ന് കെ.സുരേന്ദ്രൻ; കക്ഷി ചേരാൻ അബ്ദുൽ റസാഖിന്റെ മകൻ

K Surendran കെ.സുരേന്ദ്രൻ

കൊച്ചി ∙ മഞ്ചേശ്വരം തിര‍ഞ്ഞെടുപ്പു കേസിൽനിന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പിൻമാറില്ല. തിരഞ്ഞെടുപ്പുകേസ് സ്വയം പിൻവലിച്ചു പോകാൻ കഴിയില്ലെന്നാണു സുരേന്ദ്രനു ലഭിച്ച നിയമോപദേശം.

89 വോട്ടുകൾക്കു തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുൽ റസാഖ് എംഎൽഎയ്ക്കെതിരെ സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബർ 20നാണു റസാഖ് മരിച്ചത്.

ഇതോടെ കേസ് ഒഴിവാക്കി ഉപതിരഞ്ഞെടുപ്പിനു സുരേന്ദ്രൻ തയാറാകുമോ എന്നതാണു രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്ന ചോദ്യം. അതേസമയം, അബ്ദുൽ റസാഖ് മരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മകൻ കേസിൽ കക്ഷിചേരും. ഇരുപക്ഷവും കേസ് ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേസിൽനിന്നു പിൻമാറുന്നില്ലെന്നു നേരത്തേ സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പി.ബി.അബ്ദുൽ റസാഖ് മരിച്ച പശ്ചാത്തലത്തിൽ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസിൽനിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണു സുരേന്ദ്രന്റെ വാദം. കേസിൽ കോടതി 67 സാക്ഷികൾക്കു സമൻസ് അയച്ചിരുന്നു.‌ 175 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഹൈക്കോടതിയിൽ പരിഗണനയിലുള്ള കേസിൽ തീർപ്പുണ്ടായശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകൂ എന്ന നിലപാടിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ.

related stories