Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവംബറിൽ കേരളം കണ്ട പ്രധാന വാർത്തകൾ; നാലു മിനിറ്റിലറിയാം എല്ലാം – വിഡ‍ിയോ

കേരളത്തിന്റെ ജന്മദിന മാസമാണ് നവംബർ. തിരുവനന്തപുരത്തു വിരുന്നെത്തിയ രാജ്യാന്തര ഏകദിനം മുതൽ ശബരിമല മണ്ഡലകാലവും പി.കെ. ശശിയുടെ സസ്പെൻഷനും തുടങ്ങി സംഭവബഹുലമായ വാർത്താ മാസം കൂടിയാണ് കടന്നുപോയത്. പോയമാസം ‘മനോരമ ഓൺലൈനിൽ’ മലയാളി വായനക്കാർ ഏറ്റവും കൂടുതൽ വായിച്ച, ചർച്ച ചെയ്ത, അഭിപ്രായങ്ങൾ പങ്കുവച്ച കേരള വാർത്തകൾ ഏതൊക്കെയെന്നു നോക്കാം.

സ്വാമിവാസ സവിധേ

ചിത്തിര ആട്ട തിരുനാളിനായി നവംബർ അഞ്ചിന് ശബരിമല നട തുറന്നു. യുവതികൾ മലകയറാനെത്തിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് ഉദ്യമത്തിൽനിന്നു പിന്മാറി. പുനഃപരിശോധനാ, റിട്ട് ഹർജികൾ ജനുവരി 22ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു. നവംബർ 16ന് നട തുറക്കുന്നതിനു മുന്നോടിയായി ഇലവുങ്കല്‍, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് പൊലീസ് പ്രതിഷേധത്തെ നേരിട്ടത്. സന്നിധാനത്ത് ഉൾപ്പെടെ നാമജപ പ്രതിഷേധങ്ങൾ അരങ്ങേറി. കെ.പി. ശശികല, കെ. സുരേന്ദ്രൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. മലകയറാൻ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും സംഘവുമെത്തി. എന്നാൽ പ്രതിഷേധം കാരണം നെടുമ്പാശേരി വിമാനത്താവളത്തിന്റെ പുറത്തിറങ്ങാൻ പോലുമാകാതെ അവർക്കു തിരികെ പോകേണ്ടിവന്നു. സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങൾ യഥാർഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്നെന്നു ഹൈക്കോടതിയും നിരീക്ഷിച്ചു. ശബരിമലയുടെ മേൽനോട്ടത്തിനായി മൂന്നംഗ സമിതിയെ കോടതി നിയോഗിക്കുകയും ചെയ്തു.

നെയ്യാറ്റിൻകര സനൽ കൊലപാതകം

നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നവംബർ അഞ്ചിന് രാത്രി കെടങ്ങാവിളയിൽ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടതു കണ്ട് രോഷാകുലനായ ഹരികുമാർ കാറുടമയായ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളി. വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണ് സനൽ വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സനലിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഷാജിക്ക് അയോഗ്യത, സ്റ്റേ

തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന് എം.വി. നികേഷ്കുമാർ നൽകിയ ഹർജിയിൽ അഴീക്കോട് എംഎൽഎ കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ പരാതി. എന്നാൽ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. വോട്ടിങ്ങിന് അനുവാദമില്ല, ആനുകൂല്യങ്ങൾക്ക് അർഹതയില്ല തുടങ്ങിയ ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. ഇതേത്തുടർന്ന് നിയമസഭാ സമ്മേളനത്തിൽ ഷാജി പങ്കെടുത്തു. 

നിയമനം, വിവാദം, രാജി

മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് ശാഖയിൽനിന്ന് ഡപ്യൂട്ടേഷനിലെത്തിയ അദീബിനു ബാങ്കിലേക്കു തിരിച്ചുപോകാൻ കോർപ്പറേഷൻ വിടുതൽ ഉത്തരവു നൽകി. വിവാദമുണ്ടായതോടെ ഒക്ടോബർ 11ന് അദീബ് രാജിസന്നദ്ധത അറിയിച്ചിരുന്നു. അതേസമയം, ജലീലിനെതിരെ ശക്തമായ പ്രതിഷേധമാണ് യൂത്ത് ലീഗ് ഉയർത്തുന്നത്. ജലീലിന്റെ ഭാര്യയെ ചട്ടം ലംഘിച്ച് സ്കൂൾ പ്രിൻസിപ്പലായി നിയമിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

എം.ഐ. ഷാനവാസിന് യാത്രാമൊഴി

വയനാട് എംപിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ എം.ഐ. ഷാനവാസ് അന്തരിച്ചു. നവംബർ 21ന് പുലർച്ചെ 1.30നായിരുന്നു അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്നു.  

കേരളത്തിന് പുതിയ മന്ത്രി

ജനതാദൾ എസിന്റെ പുതിയ മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചിറ്റൂർ എംഎൽഎയാണ്. ദളിൽ രൂപം കൊണ്ട രൂക്ഷമായ തർക്കത്തിനൊടുവിൽ കേന്ദ്ര നേതൃത്വത്തിന്റേതാണു തീരുമാനം. മന്ത്രിയായിരുന്ന മാത്യു ടി. തോമസ് ചർച്ചയിൽനിന്നു വിട്ടുനിന്നു പ്രതിഷേധം വ്യക്തമാക്കി

ശശിക്ക് സിപിഎം സസ്പെൻഷൻ; ആറു മാസം പുറത്ത്

സദാചാരവിരുദ്ധമായി പെരുമാറിയെന്ന ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ പി.കെ. ശശി എംഎൽഎയെ സിപിഎം പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കു സസ്പെൻഡ് ചെയ്തു. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എംപിയും ഉൾപ്പെടുന്ന അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറു മാസത്തേക്ക് സിപിഎം അംഗമല്ലെങ്കിലും പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിന് ശശിക്കു വിലക്കില്ല. നിയമസഭാംഗമായി തുടരാനും പാർട്ടിയുടെ തടസ്സമില്ല. ഷൊർണൂരിൽനിന്നുള്ള എംഎൽഎയാണ് ശശി. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കാണു പരാതി നൽകിയത്. 

കേരളത്തിന്റെ ജന്മദിന സമ്മാനം

ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം തിരുവനന്തപുരത്ത് വിരുന്നെത്തിയ രാജ്യാന്തര ഏകദിനം കേരളത്തിനുള്ള ജന്മദിന സമ്മാനമായിരുന്നു. മൽസരത്തിൽ ഇന്ത്യയ്ക്ക് എതിരാളികളായി എത്തിയത് വെസ്റ്റ് ഇൻഡീസ്. ഇന്ത്യൻ ബോളർമാർക്കു മുന്നിൽ വിൻഡീസ് താരങ്ങൾ പൊരുതാതെ കീഴടങ്ങിയതോടെ ട്വന്റി20യേക്കാൾ വേഗത്തിലാണ് മൽസരം അവസാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് 31.5 ഓവറിൽ 104 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ 14.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അങ്ങനെ 3–1ന് പരമ്പരയും സ്വന്തമാക്കി. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ കളിയിലെ താരമായി. ആരാധക പങ്കാളിത്തം കൊണ്ടുകൂടി ശ്രദ്ധേയമായ മൽസരമായി ഇത്.