Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപെകിൽനിന്നു പിന്മാറുകയാണെന്നു ഖത്തർ; ഉപരോധവുമായി ബന്ധമില്ലെന്ന് ഊർജമന്ത്രി

OPEC-MEETING/

ദോഹ ∙ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. ജനുവരി ഒന്നു മുതല്‍ ഒപെകില്‍നിന്നു പിന്‍മാറുമെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. പ്രകൃതിവാതക (എൽഎൻജി) ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണു ഒപെകില്‍ നിന്നുള്ള പിന്‍മാറ്റം. പ്രകൃതിവാതക ഉല്‍പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു.

15 രാഷ്ട്രങ്ങളാണു ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്–ഒപെക്– അംഗങ്ങളായിട്ടുള്ളത്. ഒപെകിലെ താരതമ്യേന ചെറിയ അംഗമാണു ഖത്തർ. എല്‍എന്‍ജി രംഗത്തെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടു ഭാവി നയം രൂപപ്പെടുത്താന്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധാപൂര്‍വം ശ്രമിക്കുകയായിരുന്നു. വളര്‍ച്ചാനയം ലക്ഷ്യമിട്ട് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള ശ്രമങ്ങളും പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്. അതുവഴി മാത്രമേ എല്‍എന്‍ജി ഉല്‍പാദന രംഗത്തെ മികവ് ശക്തമാക്കാന്‍ കഴിയൂ. 57 വർഷത്തെ ഒപെക് ബന്ധം ഉപേക്ഷിക്കുന്നതു എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും അല്‍ കാബി പറഞ്ഞു.

ഒപെകിലെയും സൗഹൃദ രാഷ്ട്രങ്ങളുടെയും യോഗം 6,7 തീയതികളിൽ നടക്കാനിരിക്കെയാണു ഖത്തറിന്റെ പിന്മാറ്റം. അതിനിടെ, അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചതെന്നു ഖത്തർ അവകാശപ്പെട്ടു. ഭക്ഷ്യസുരക്ഷാ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാനായി. വളർച്ചയുടെ മുക്കാൽപങ്കിലേറെയും പെട്രോളിയം, പ്രകൃതി വാതക കയറ്റുമതിയിലായിരുന്നു. ഉപരോധവുമായി ഇപ്പോഴത്തെ തീരുമാനത്തിനു ബന്ധമില്ലെന്ന് അൽ– കാബി അറിയിച്ചു.