Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേന്ദമംഗലത്തിനു പുതുജീവന്‍ പകര്‍ന്നു ചേക്കുട്ടി: ചെളിയില്‍ വിരിഞ്ഞത് 63,000 പാവകള്‍; ഇനി കുഞ്ഞുടുപ്പും

chekutty

കൊച്ചി∙ അഞ്ചു മിനിട്ടുകൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നത്തെ ചേക്കുട്ടിപ്പാവയ്ക്കു പകരം ആ തുണികളെല്ലാം ഒരുപിടി ചാരമാകുമായിരുന്നെന്ന് ചേന്ദമംഗലം കരിമ്പാടം നെയ്ത്തു സൊസൈറ്റി സെക്രട്ടറി അജിത്കുമാർ. ഓണവിപണി മുന്നിൽ കണ്ട് വിൽപനയ്ക്ക് ഒരുക്കി വച്ചിരുന്ന തുണി 21 ലക്ഷം രൂപയുടെ തുണിയാണ് ഈ സൊസൈറ്റിക്കു മാത്രം പ്രളയത്തിൽ ചെളിപിടിച്ചു കിടന്നത്. തറികളെല്ലാം നഷ്ടമായി. ഇനി എന്തു ചെയ്യുമെന്നറിയാതെ നെയ്ത്തുകാർ അന്തിച്ചു നിൽക്കുമ്പോൾ ലോകത്തിന്റെ പലഭാഗത്തുനിന്ന് ആളുകൾ വന്നു. ലോകബാങ്കിൽ നിന്നും യുനെസ്കോയിൽ നിന്നുമുള്ളവർ ചേന്ദമംഗലത്തെത്തി. സാരിയും സെറ്റുമുണ്ടും തുടങ്ങി പലവിധ ഉൽപന്നങ്ങളുണ്ടായിരുന്നു ചെളിപുരണ്ട് നിരന്നു കിടക്കുന്നവയിൽ. ഇത് കത്തിച്ചുകളയാനല്ലാതെ ഒന്നിനും പറ്റില്ലെന്ന തീരുമാനത്തിലെത്തി നിൽക്കുമ്പോഴാണ് ലക്ഷ്മിയും ഗോപിനാഥ് പറയിലും എത്തുന്നതും സംസാരിക്കുന്നതും. ഒന്നു കഴുകി നോക്കാം എന്നു തീരുമാനിച്ചതോടെ വെറും അഞ്ചു മിനിറ്റിനുള്ളിൽ ബാക്കിക്കാര്യങ്ങൾ എല്ലാം തീരുമാനിച്ചു. പാവക്കുട്ടിക്ക് ചേക്കുട്ടി എന്നു പേരും ഇട്ടുകഴിഞ്ഞതായി അജിത് കുമാർ പറയുന്നു.

ചേറിൽ മുങ്ങിയ ചേന്ദമംഗലം കൈത്തറിയിൽ നിന്ന് ഇതുവരെ വിരിഞ്ഞത് 63,000 ചേക്കുട്ടി പാവകൾ. 89,000 പാവകളുടെ ഓർഡറാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ വരെ 31,500 പാവകൾ ലോകത്തിന്റെ നാനാ ഭാഗത്തേക്കുമായി വിറ്റഴിച്ചു കഴിഞ്ഞു. പാവയുടെ വിലയിനത്തിൽ ചേന്ദമംഗലത്തെ കരിമ്പാടം കൈത്തറി സഹകരണ സൊസൈറ്റിയുടെ അക്കൗണ്ടിൽ എത്തിയത് 14 ലക്ഷം രൂപ. ചേക്കുട്ടി പാവയുടെ ടാഗ് ബ്രാൻഡ് ചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ സംഭാവനയായ 10 ലക്ഷം രൂപയും സൊസൈറ്റി അക്കൗണ്ടിൽ അടുത്ത ദിവസമെത്തും. 21 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച സൊസൈറ്റിക്ക് ഇതോടെ ആ നഷ്ടത്തിൽ നിന്നു കരകയറാം. 34 ലക്ഷം രൂപയാണ് സൊസൈറ്റിയുടെ വാർഷിക വിറ്റുവരവ്. ഇപ്പോൾ ഓർഡർ ലഭിച്ച 89,000 പാവകളും നിർമ്മാണം പൂർത്തിയാക്കി വിൽക്കുന്നതോടെ 35 ലക്ഷം രൂപ സൊസൈറ്റിക്ക് ലഭ്യമാക്കാനാവുമെന്ന് ചേക്കുട്ടി എന്ന ആശയത്തിന് രൂപം നൽകി നടപ്പാക്കിയ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും പറയുന്നു.

Lekshmi Menon, Ajit Kumar, Gopinath Parayil ലക്ഷ്മി മേനോന്‍, ഗോപിനാഥ് പാറയില്‍, അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിനിടെ

കരിമ്പാടം സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിൽ പ്രളയം മൂലം നശിച്ച തുണികളാണ് ഇതുവരെ നാടിന്റെ നാനാ ഭാഗങ്ങളിലുമെത്തിച്ച് ചേക്കുട്ടി പാവകളാക്കിയത്. അടുത്ത ഘട്ടത്തിൽ കുര്യാപ്പിള്ളി വനിത കൈത്തറി സൊസൈറ്റിക്കു കീഴിൽ പ്രളയത്തിൽ മുങ്ങിയ തുണിത്തരങ്ങളാവും ചേക്കുട്ടി നിർമ്മാണത്തിന് ഉപയോഗിക്കുക. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കു സംഭവിച്ചത്. ചേന്ദമംഗലം കൈത്തറി സൊസൈറ്റിക്കു കീഴിൽ വർഷങ്ങളായി വിറ്റുപോകാതെ പൊടിപിടിച്ച് കെട്ടിക്കിടക്കുന്ന തുണികൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ ഉൾപ്പടെയുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനും പദ്ധതിയുണ്ട്.

ആശയവും പരിശീലനവും നിർമ്മാണവും വിതരണവും ബ്രാൻഡിങ്ങും അടക്കമുള്ള കാര്യങ്ങളെല്ലാം ലക്ഷ്മി മേനോന്റെയും ഗോപിനാഥ് പാറയിലിന്റെയും നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരാണ് ചെയ്യുന്നതെങ്കിലും വിറ്റു വരവിൽ ഇവർക്ക് ഒരു പങ്കുമില്ല. വിലയും സംഭാവനയുമെല്ലാം നേരിട്ട് അതാതു സൊസൈറ്റികളുടെ അക്കൗണ്ടിൽ എത്തുകയാണ്.

chekkutty-pava.jpg.image.784.410

വെള്ളം കയറി ചെളി പിടിച്ച സാരിയും മുണ്ടും ഉൾപ്പടെയുള്ള തുണികളാണ് ക്ലോറിനേറ്റ് ചെയ്തു കഴുകി വൃത്തിയാക്കിയ ശേഷം പാവ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 1500 രൂപ വിലയുള്ള സാരിയിൽ നിന്ന് 250-360 ചേക്കുട്ടി പാവകളാണ് നിർമ്മിക്കുന്നത്. ഒരു ചേക്കുട്ടി പാവക്ക് 25 രൂപയാണു വില. ഈ ഇനത്തിൽ നശിച്ച സാരിയിൽ നിന്ന് ചേക്കുട്ടി പാവയിലൂടെ തിരികെ പിടിക്കുന്നത് 7500-9000 രൂപ. മുണ്ടിൽ നിന്നും 140 പാവകൾ വരെ നിർമ്മിക്കുന്നു.

ഐടി കമ്പനികൾ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനമായാണ് ചേക്കുട്ടി പാവകൾ നിർമ്മിക്കുന്നത്. അതിനായി 240 നിർമ്മാണ ശിൽപശാലകൾ സംഘടിപ്പിച്ചു. കേരളത്തിനു പുറമേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അമേരിക്കയും ബ്രസീലും ഓസ്ട്രേലിയയും ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലും ഇത്തരം പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അവിടങ്ങളിലെല്ലാം ചേക്കുട്ടി നിർമ്മാണം നടക്കുന്നുമുണ്ട്. വിദേശ രാജ്യങ്ങളിലുള്ള മലയാളികൾ തന്നെയാണ് നാട്ടിലെത്തി മടങ്ങിയപ്പോൾ പ്രളയം മുക്കിയ കൈത്തറി തുണിയുമായി വിദേശത്തേക്കു പോയി അവിടെയും ചേക്കുട്ടി മാഹാത്മ്യം പ്രചരിപ്പിച്ചത്.

chekkutty-dolls-in-m4-marry-fashion-week അംബിക പിള്ള ചേക്കുട്ടി പാവ നിര്‍മിക്കുന്നു

ചേക്കുട്ടി പാവ നിർമ്മാണം അവസാനിച്ചാലും തുടർന്ന് ചേന്നമംഗലത്തെ കൈത്തറി സംഘങ്ങളുടെ ശാക്തീകരണത്തിൽ സഹായിക്കാനാണ് പദ്ധതി. ഇതിനായി ചേക്കുട്ടി ബ്രാൻഡിൽ തന്നെയുള്ള പുത്തൻ ഡിസൈൻ സാരിയും ഷർട്ടും കുഞ്ഞുടുപ്പും ഉൾപ്പടെ വിപണിയിലെത്തിക്കാനാണു നീക്കം. ഡിസംബർ 15ന് പ്രളയം അനുഭവിച്ചവരും രക്ഷാപ്രവർത്തകരും ഒത്തുചേരുന്ന ചേക്കുട്ടി കൂട്ടം സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ചേക്കുട്ടി ഇനി സാന്ത്വന പരിചരണത്തിനൊപ്പം

chekkutty-dolls-earned-11-lakhs-story-of-surviving

ഇതുവരെ നാടാകെയുള്ള സന്നദ്ധ സേവകർ സൗജന്യമായാണ് ചേക്കുട്ടി പാവ നിർമ്മിച്ചതെങ്കിൽ ഇനി അത് ശരീരം തളർന്നു കിടപ്പായവർക്ക് ആത്മവിശ്വാസം പകരുന്ന വരുമാന മാർഗമായി മാറും. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി ഇതു സംബന്ധിച്ച് ധാരണയായി കഴിഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, കിടപ്പായി പോയവരാവും തുടർന്നു ചേക്കുട്ടി നിർമ്മിക്കുക. ഒരു ചേക്കുട്ടിക്ക് അഞ്ച് രൂപ ഇവർക്കു പ്രതിഫലമായി നൽകും. ബാക്കി തുക കൈത്തറി സംഘത്തിനാണ്. ഇതിനായി രണ്ടു പരിശീലന പരിപാടികൾ പൂർത്തിയായി കഴിഞ്ഞു.